മോൻസൺ കേസിൽ മോഹൻലാലിനെ ചോദ്യംചെയ്യാൻ ഇ ഡി, അടുത്തയാഴ്ച ഹാജരാവാൻ നിർദ്ദേശം
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ ചോദ്യംചെയ്യലിന് ഹാജരാവാണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാലിന് ഇ ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച കൊച്ചി മേഖലാ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മോൻസൺ കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും മോഹൻലാലിന്റെ മൊഴിയെടുത്തേക്കും എന്ന് റിപ്പോർട്ടുണ്ട്.
മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിട്ടുണ്ടെന്ന് ഇ ഡി ക്ക് മൊഴി ലഭിച്ചിരുന്നു. മോൻസണുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ കൊണ്ടുവന്നതെന്നാണ് മൊഴിയിൽ പറഞ്ഞിരുന്നത്.മോൻസൺ കേസിൽ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നൽകിയിരുന്നു. ഐജിക്ക് മോൻസണുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരുവനതപുരം പൊലീസ് ക്ലബ്ബിൽ ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തിയിരുന്നു.