മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു
തൊടുപുഴ: മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ് ശിക്ഷ. തിരുവനന്തപുരം സ്വദേശിയായ അരുൺ ആനന്ദിന് തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായാണ് 21 വർഷം തടവ് ശിക്ഷ. 15 വർഷമായി ശിക്ഷ അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് 3,81,000 രൂപ പിഴയും വിധിച്ചു. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് നേരത്തേ തന്നെ കോടതി കണ്ടെത്തിയിരുന്നു. ഇരയുടെ സഹോദരൻ ഏഴു വയസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
2019ലായിരുന്നു സംഭവം. കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുൺ ആനന്ദ് ഇവർക്കൊപ്പം താമസിച്ചു വരികയായിരുന്നു. മൂത്ത കുട്ടിയെ തലയോട്ടി തകർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിൽ അരുൺ ആനന്ദാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് വ്യക്തമായിരുന്നു. കൂടുതൽ അന്വേഷണത്തിലാണ് ഇളയകുട്ടിയും ഇയാളുടെ ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തിയത്.