കാറില്‍ കിടന്നുറങ്ങിയ മലയാളി യുവാവിന്റെ മൃതദേഹം റെയില്‍പാളത്തില്‍
ബെംഗളൂരു: മലയാളിയുവാവിനെ മാണ്ഡ്യയിലെ മദ്ദൂര്‍ റെയില്‍വേസ്റ്റേഷനുസമീപം റെയില്‍പ്പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന് ജംഷിദ് (25) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്.
സുഹൃത്തുക്കളായ റിയാസ്, ഫെബിന് എന്നിവര്‍ക്കൊപ്പം കാറില്‍ നാട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
യാത്രയ്ക്കിടെ രാത്രി ഉറങ്ങാനായി ഇവര്‍ മദ്ദൂരിനടുത്ത് റെയില്‍പ്പാളത്തിനുസമീപം കാര്‍ നിര്‍ത്തിയതായി പറയുന്നു. ഉണര്‍ന്നപ്പോള്‍ ജംഷിദിനെ കാറില്‍ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടുത്തുള്ള റെയില്‍പ്പാളത്തില്‍ മൃതദേഹം കണ്ടത്. മദ്ദൂര്‍ പോലീസ് സ്റ്റേഷന്റെ പിറകുവശത്തെ റെയില്‍പ്പാളത്തിലായിരുന്നു മൃതദേഹം.
ഒന്നരമാസംമുമ്പ് ഒമാനില്‍നിന്ന് അവധിക്കുവന്നതാണ് ജംഷിദ്. അടുത്ത് മടങ്ങാനിരിക്കേയാണ് മരണം.
ശനിയാഴ്ച രാത്രി റിയാസിനും ഷെബിനുമൊപ്പം ബെംഗളൂരുവിലേക്ക് പോയതായിരുന്നു ജംഷിദ്. സൗദയാണ് ജംഷിദിന്റെ മാതാവ്. സഹോദരി: മുഹ്സിന. മാണ്ഡ്യ മെഡിക്കല്‍ കോളേജിലേക്കുമാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു