കാളിയന് വേണ്ടി കാത്തിരുന്ന ആരാധകർക്ക് സന്തോഷ വാർത്തയുമായി പൃഥ്വിരാജ്; ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് താരം പുറത്തുവിട്ടു
വീണ്ടും ചരിത്രപുരുഷനായി പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന കാളിയൻ. ഉറുമിയിലെ കേളുവായി ഗംഭീര പ്രകടനം കാഴ്ച വച്ച ശേഷമാണ് വേണാടിന്റെ ചരിത്ര കഥാപാത്രത്തമായ കുഞ്ചിറക്കോട്ട് കാളിയനായി പൃഥ്വിരാജ് എത്തുന്നത്.ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെ ചിത്രത്തിലേക്കായി അഭിനേതാക്കളെ തേടിക്കൊണ്ടുള്ള കാസ്റ്റിംഗ് കാൾ പോസ്റ്റർ താരം പങ്കുവച്ചതോടെ സിനിമയെക്കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചിരിക്കുകയാണ്ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോ? എങ്കിൽ കാളിയനൊപ്പം കൂടാം. ചരിത്രത്തിന്റെ ഭാഗമാകാം എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ളവർക്ക് മേയ് 19നാണ് ഓഡിഷൻ നടക്കുക. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ളവർക്ക് മേയ് 20നാണ് ഓഡിഷൻ. കൊച്ചി വൈ.എം.സി.എ ഹാളിൽ വച്ചാകും ഓഡിഷൻ നടക്കുക.നാലുവർഷങ്ങൾക്ക് മുൻപാണ് കാളിയൻ പ്രഖ്യാപിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് ചിത്രം നീണ്ടു പോയി. ഈ അവസരത്തിൽ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയത് സിനിമാ പ്രേമികളെ ആവേശത്തിലാക്കിയിരിക്കുകയാണ്.ബി.ടി അനില്‍ കുമാര്‍ തിരക്കഥയും സുജിത് വാസുദേവ് ക്യാമറയും കെെകാര്യം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നേരത്തെ ശ്രദ്ധനേടിയിരുന്നു. ശങ്കര്‍ -എഹ്സാന്‍ -ലോയ് ടീം സംഗീതമൊരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് കാളിയൻ