കാമുകിയെ കൊന്ന് കുഴിച്ചുമൂടുന്നതിനിടയിൽ 60 -കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
നമ്മൾ ചെയ്യുന്നതിന്റെ ഫലം നമ്മൾ തന്നെ അനുഭവിക്കണമെന്ന് പൊതുവെ പറയാറുണ്ട്. കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സൗത്ത് കരോലിനക്കാരന് സംഭവിച്ചതും അത് തന്നെയാണ്. കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അയാൾ അവരുടെ വീട്ടുമുറ്റത്ത് ശവശരീരം കുഴിച്ച് മൂടാൻ നോക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരണപ്പെട്ടു.
ശനിയാഴ്ച രാവിലെയാണ് സംഭവം. 65 -കാരിയായ പട്രീഷ്യ ഡെന്റിനെയാണ് 60 -കാരനായ ജോസഫ് മക്കിന്നൺ ദാരുണമായി കൊന്നത്. എന്നാൽ താൻ ചെയ്തത്, തനിക്ക് തന്നെ തിരിഞ്ഞ് വന്നു എന്ന് പറയും പോലെയാണ് പിന്നീട് അവിടെ സംഭവിച്ചത്. കാമുകിയെ കൊല്ലുന്നതിന് മുൻപ് തന്നെ വീട്ടുവളപ്പിൽ അവളെ അടക്കാനുള്ള കുഴി അയാൾ എടുത്തിരുന്നു. കൊന്നതിന് ശേഷം അയാൾ അവളുടെ ശരീരം കൂട്ടിക്കെട്ടി. തുടർന്ന് മാലിന്യത്തിൽ പൊതിഞ്ഞു. ഒടുവിൽ വീട്ടുമുറ്റത്തെ കുഴിയിൽ കൊണ്ട് പോയി തള്ളി. എന്നാൽ, നിമിഷങ്ങൾക്കകം മക്കിന്നൻ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.
രാവിലെ 10 മണിക്ക് മുറ്റത്ത് മക്കിന്നന്റെ ചലനമറ്റ ശരീരം കണ്ട അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവസ്ഥലത്ത് എത്തിയ പൊലീസുകാർക്ക് കഥയൊന്നും മനസ്സിലായില്ല. അവർ മക്കിന്നൻ സ്വാഭാവിക കാരണങ്ങളാലാണ് മരണപ്പെട്ടതെന്ന് കരുതി. പിടിവലി നടന്നതിന്റെയോ, അടിയേറ്റത്തിന്റെ ലക്ഷണങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. കൂടാതെ, മക്കിന്നൺ സ്വാഭാവിക കാരണങ്ങളാൽ മരണമടഞ്ഞതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വന്നു. അതുകൊണ്ട് തന്നെ പൊലീസ് അതിൽ ഗൂഢാലോചനയൊന്നും സംശയിച്ചില്ല.
അതേസമയം, ഡെന്റ് മൌണ്ട് വിന്റേജ് ഗോൾഫ് കോഴ്സിലാണ് പട്രീഷ്യ ജോലി നോക്കിയിരുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പട്രീഷ്യ ജോലിക്ക് എത്താത്തതിനെ തുടർന്ന് ഒരു സഹപ്രവർത്തകൻ പട്രീഷ്യയുടെ ഇരട്ട സഹോദരിയായ പമേല ബ്രിഗ്സിനെ വിളിച്ചു. പമേല സഹോദരിയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. സംശയം തോന്നിയ അവർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് അന്വേഷണത്തിനായി പട്രീഷ്യയുടെ വീട്ടിൽ പൊലീസ് എത്തി. പൂന്തോട്ടത്തിൽ പുതുതായി നികത്തിയ ഒരു കുഴി പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു.
തുടർന്ന് കുഴി പരിശോധിച്ച പൊലീസ് മാലിന്യത്തിൽ മൂടിയ അവരുടെ മൃതദേഹം കണ്ടെടുത്തു. അവൾ കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ടിരുന്നതായി പൊലീസ് മനസ്സിലാക്കി. തുടർന്ന് പൊലീസ് അവരുടെ കൊലപാതകം അന്വേഷിക്കാൻ ആരംഭിച്ചു. തെളിവുകളുടെയും, സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ, മക്കിന്നൻ തന്നെയാണ് പട്രീഷ്യയെ കൊന്നതെന്ന നിഗമനത്തിൽ പൊലീസ് എത്തി. അവരുടെ വീട്ടിൽ വച്ച് പട്രീഷ്യയെ അയാൾ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അനുമാനിച്ചു. സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് മാറാൻ സഹോദരി പമേലയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ‘അവളെ കണ്ടുമുട്ടിയ എല്ലാവർക്കും അവളെ ഇഷ്ടമായിരുന്നു. അവൾ എപ്പോഴും പ്രസരിപ്പുള്ളവളായിരുന്നു. അവൾക്ക് 65 വയസ്സായിരുന്നു. ഇതൊരു സ്വപ്നമാണെന്ന് വിശ്വസിക്കാനാണ് ഇപ്പോഴും എനിക്ക് തോന്നുന്നത്” പട്രീഷ്യയെക്കുറിച്ച് സഹോദരി പറഞ്ഞു.