ഇനി ജയിൽ ചപ്പാത്തി കഴിക്കണമെങ്കിൽ അവർ വരണം, പറ്റിപ്പോയ അമളിയിൽ പശ്ചാത്തപിച്ച് അധികൃതർ
ചീമേനി :കൊവിഡിൽ പരോളിൽ പോയ തടവുകാരുടെ തിരിച്ചുവരവും കാത്ത് കഴിയുകയാണ് ചീമേനി തുറന്ന ജയിലിലെ ചപ്പാത്തി -ബിരിയാണി നിർമ്മാണ യൂണിറ്റുകൾ. ഇരുചക്രവാഹന വർക്ക് ഷോപ്പ്, ബ്യൂട്ടി പാർലർ, വിവിധ ഫാമുകൾ, പെട്രോൾ പമ്പ്, ചെങ്കൽ ഖനനം യൂണിറ്റുകളും സമാന പ്രതിസന്ധിയെ തുടർന്ന് നിശ്ചലാവസ്ഥയിലാണ്.കോടതി വിധിയുണ്ടായിട്ടും തടവുകാർ തിരിച്ചു വരാത്തതിനാൽ ആശങ്കയിലാണ് ജയിൽ അധികൃതർ. ഇരുനൂറോളം തടവുകാരെക്കൊണ്ട് തുറന്ന ജയിൽ നിറഞ്ഞുനിന്നിരുന്ന കാലത്താണ് ഈ സംരംഭങ്ങളെല്ലാം തുടങ്ങിയത്. ജയിൽവളപ്പിലെ പാറപ്രദേശത്തുനിന്നും തടവുകാർ വെട്ടിയെടുത്ത ചെങ്കല്ലുകൾ കൊണ്ട് അവർ തന്നെയാണ് തുറന്ന ജയിലിന്റെ ഒരു ഭാഗത്ത് മനോഹരമായ മതിലൊരുക്കിയത്. വർക്ക് ഷോപ്പ്, ബ്യൂട്ടി പാർലർ, പെട്രോൾ പമ്പ് തുടങ്ങിയവയിലെല്ലാം ജോലിചെയ്തിരുന്നത് തടവുകാരായിരുന്നു.ഇപ്പോൾ തുറന്ന ജയിലിൽ ആകെയുള്ളത് 22 തടവുകാരാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും 21 പേരെ കൂടി കൊണ്ടുവന്നിട്ടാണ് പെട്രോൾ പമ്പും കൃഷിപ്പണികളും ഫാമുകളും നടത്തിക്കൊണ്ടുപോകുന്നത്.ചപ്പാത്തിയുടെയും ബിരിയാണിയുടെയും വില്പനയിൽ നിന്നുള്ള ലാഭംകൊണ്ട് ജയിൽവളപ്പിൽ തന്നെ ഒരു കഫ്റ്റേരിയയും തുടങ്ങിയിരുന്നു. അതിൽ ജോലിചെയ്തിരുന്നതും തടവുകാർ തന്നെയായിരുന്നു.സർക്കാരിനും വരുമാനം നിലച്ചുസംരംഭങ്ങൾ പലതും നിലച്ചതോടെ സർക്കാരിനു വരുമാനം കിട്ടാതായി. സർക്കാരിന് നല്ല വരുമാനമുണ്ടാക്കിക്കൊടുത്തുകൊണ്ടാണ് എല്ലാ സംരംഭങ്ങളും മുന്നോട്ടുപോകുമ്പോഴാണ് പെട്ടെന്ന് കൊവിഡ് കാലം വന്നത്.ജയിലുകളിൽ കൊവിഡ് പടരുന്നത് ഒഴിവാക്കാൻ പരമാവധി തടവുകാർക്ക് പരോൾ അനുവദിക്കണമെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.
വലിയ കുഴപ്പക്കാരല്ലെന്ന സർട്ടിഫിക്കറ്റുള്ളതുകൊണ്ട് തുറന്ന ജയിലിലെ ഏതാണ്ടെല്ലാ തടവുകാർക്കും പരോൾ കിട്ടി.അതോടെ കഫ്റ്റേരിയയ്ക്കും ബ്യൂട്ടി പാർലറിനും വർക്ക് ഷോപ്പിനുമെല്ലാം താഴ് വീണു. കല്ലുവെട്ട്, മതിൽ നിർമാണ ജോലികളും നിർത്തി.ചപ്പാത്തി-ബിരിയാണി നിർമാണ യൂണിറ്റുകളും അടച്ചുപൂട്ടി. ബാക്കിയുള്ള വളരെ ചുരുക്കം തടവുകാരെ ഉപയോഗിച്ച് പെട്രോൾ പമ്പും വിവിധ ഫാമുകളും കൃഷിപ്പണികളും മാത്രമാണ് ഇപ്പോൾ നടന്നുപോകുന്നത്.