കേരളത്തിൽ നിന്നുള്ളവർ ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യുമെന്ന് കരുതിയില്ല; നാട്ടുവൈദ്യന്റെ മരണത്തോടെ അനാഥമായത് ഒൻപത് മക്കളടങ്ങുന്ന കുടുംബം
ബംഗളൂരു: കർണാടക പൊലീസ് കേസന്വേഷണത്തിൽ അനാസ്ഥ കാട്ടിയെന്ന് നിലമ്പൂരിൽ കൊല്ലപ്പെട്ട മൈസൂരിലെ നാട്ടുവൈദ്യൻ ഷാബാ ഷരീഫിന്റെ ഭാര്യ ജബീന താജ്. ഭർത്താവ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കടുംബമെന്ന് അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.’കേരളത്തിൽ നിന്നുള്ളവർ ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യുമെന്ന് കരുതിയില്ല. അഷ്റഫാണ് ഭർത്താവിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. മൈസൂരുവിലെ ലോഡ്ജിൽ താമസിക്കുന്ന കേരളത്തിൽ നിന്നു വന്ന രോഗിയെ ചികിത്സിക്കണമെന്ന് പറഞ്ഞാണ് അയാൾ വന്നത്. രോഗാവസ്ഥയിലാണെന്നും വരാൻ കഴിയില്ലെന്നും പറഞ്ഞിട്ടും നിർബന്ധിച്ചു. ഒടുവിൽ സ്വന്തം രോഗം അവഗണിച്ചാണ് ബൈക്കിന് പിറകിൽ കയറിയത്.’- ജബീന താജ് പറഞ്ഞു.മൈസുരുവിലെ ചേരിയില്‍ താമസിക്കുന്ന ഒന്‍പതു മക്കളടങ്ങുന്ന കുടുംബത്തിന്റെ നാഥനായിരുന്നു ഷാബാ ഷരീഫ്. 2019 ആഗസ്റ്റിലാണ് അദ്ദേഹത്തെ ഷൈബിൻ അഷ്റഫും കൂട്ടരും തട്ടിക്കൊണ്ടുപോയത്. കാണാതായതിന്റെ പിറ്റേദിവസം തന്നെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.