കെ എസ് ആർ ടി സിക്ക് പിന്നാലെ സർക്കാർ ജീവനക്കാർക്കും ശമ്പളം മുടങ്ങിയേക്കും, കടം ചോദിച്ച 4000 കോടി കേന്ദ്രം അനുവദിച്ചില്ല
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ സർക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു. സർക്കാർ ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പള വിതരണത്തിൽ ആശങ്ക നിലനിൽക്കുകയാണ്.കൊവിഡ് സൃഷ്ടിച്ച ആഘാതത്തിന് പുറമെ കടമായി ചോദിച്ച നാലായിരം കോടി രൂപ കേന്ദ്ര സർക്കാർ അനുവദിക്കാത്തതാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നര ശതമാനമാണ് സംസ്ഥാനങ്ങൾക്ക് വായ്പയായി ചോദിക്കാനാകുക.മാനദണ്ഡങ്ങൾ അനുസരിച്ചിട്ടുള്ള തുകയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്ന 4000 കോടി രൂപ. എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ അനുവാദം നൽകാൻ വിമുഖത കാട്ടുന്നതെന്നതിൽ വ്യക്തത വന്നിട്ടില്ല.കിഫ്ബി വായ്പ, സാമൂഹ്യ സുരക്ഷാ ബാദ്ധ്യതകൾ തുടങ്ങിയവയെല്ലാം ബഡ്ജറ്റിന്റെ ഭാഗമാക്കണമെന്ന നിർദേശങ്ങൾ സി.ഐ.ജി റിപ്പോർട്ടിലൂടെ കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണോ വായ്പ അനുവദിക്കാതിരിക്കാനുള്ള നീക്കമെന്ന് സംസ്ഥാന സർക്കാർ സംശയിക്കുന്നു.പ്രതിസന്ധി തരണം ചെയ്യാനായി ജീവനക്കാരുടെ പത്ത് ശതമാനം ശമ്പളം പിന്നീട് നൽകാൻ മാറ്റി വയ്ക്കണമെന്ന നിർദേശം ധനവകുപ്പിന് മുന്നിലുണ്ട്. എന്നാൽ ശമ്പളം മാറ്റി വയ്ക്കൽ ഇപ്പോൾ ആലോചനയിൽ ഇല്ലെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറയുന്നത്. മറ്റ് മാർഗങ്ങളിലൂടെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.