പിടിച്ചുനിൽക്കാൻ കെ എസ് ആർ ടി സി ശേഷിക്കുന്ന ഡിപ്പോകളും പണയപ്പെടുത്തുന്നു, പെട്ടിരിക്കുന്നത് ശരിക്കും ഊരാക്കുടുക്കിൽ, ഇടപെടാതെ സർക്കാർ
തിരുവനന്തപുരം: തീയതി പന്ത്രണ്ടായിട്ടും ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം നൽകാനാവാത്ത കെ എസ് ആർ ടി സി പെട്ടിരിക്കുന്നത് ശരിക്കും ഊരാക്കുടുക്കിൽ. സർക്കാർ വിഹിതം കിട്ടിയെങ്കിലും ശമ്പളത്തിനുള്ള ബാക്കിത്തുക എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ മാനേജ്മെന്റിന് ഇപ്പോഴും ഒരു രൂപവുമില്ല. കടംവാങ്ങാനായി ബാങ്കുകളെ സമീപിച്ചെങ്കിലും അവർ തിരിഞ്ഞുപോലും നോക്കിയില്ല. അറ്റകൈ പ്രയോഗം എന്നനിലയിൽ തങ്ങളുടെ കൈവശമുള്ള 30 ഡിപ്പോകൾ പണയം വച്ച് പണം കണ്ടെത്താനുള്ള ആലോചന മാനേജ്മെന്റ് തലത്തിൽ സജീവമാണെന്നാണ് റിപ്പോർട്ട്. ഇതിലൂടെ 400 കോടിയെങ്കിലും ലഭിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾത്തന്നെ കെ എസ് ആർ ടി സിയുടെ 52 ഡിപ്പോകൾ ബാങ്കിൽ പണയത്തിലാണ്.3100 കാേടിയാണ് ഈ ഡിപ്പോകൾ ഈടുവച്ച് കെ എസ് ആർ ടി സി എടുത്തിരിക്കുന്നത്. ഡിപ്പോയും സബ് ഡിപ്പോയും ഓപ്പറേറ്റിംഗ് സെന്ററുമായി 94 കേന്ദ്രങ്ങളും അഞ്ച് റീജിയണൽ വർക്ഷോപ്പുകളും ചീഫ് ഓഫീസുമാണ് കെ എസ് ആർ ടി സിക്കുള്ളത്. ഇതിൽ മുപ്പതെണ്ണംകൂടി പണയപ്പെടുത്തുന്നതോടെ സ്ഥാപനത്തിന് പിന്നെ സ്വന്തമെന്ന് പറയാനുള്ളത് വിരലിലെണ്ണാവുന്ന ചില ഡിപ്പോകൾ മാത്രം. ഈ കണക്കിലാണ് മുന്നോട്ടുപോക്കെങ്കിൽ അതും അധികം വൈകാതെ പണയം വയ്ക്കേണ്ടി വരും. അതോടെ വട്ടപൂജ്യം അവസ്ഥയിലേക്കെത്തും. പണയംവച്ച ഡിപ്പോകൾ എങ്ങനെ തിരിച്ചുപിടിക്കുമെന്ന കാര്യത്തിലും ഒരു വ്യക്തതയും ഇല്ല. നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളിൽ കോടികൾ വിലമതിക്കുന്നതാണ് പണയം വച്ച ഡിപ്പോകളിൽ പലതും.അതേസമയം, ഏപ്രിൽ മാസത്തെ ശമ്പളക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വിഷയം ചർച്ച ചെയ്യാൻ മന്ത്രി ആന്റണി രാജു മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ശമ്പളക്കാര്യത്തിൽ ആവശ്യമുണ്ടെങ്കിലേ സർക്കാർ ഇടപെടൂ എന്നാണ് മന്ത്രിയുടെ നിലപാട്. സർക്കാരിനെ വിരട്ടി കാര്യം കാണാമെന്ന് യൂണിയനുകൾ കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. സിഐടിയു നേതൃത്വം ഇന്നലെ മുഖ്യമന്ത്രിയെ കാണുമെന്ന് അറിയിച്ചെങ്കിലും കൂടിക്കാഴ്ച നടന്നില്ല. എംഡി ആംസ്റ്റർഡാമിൽ സെമിനാറിൽ പങ്കെടുക്കാൻ പോയതിനാൽ ശമ്പളക്കാര്യത്തിൽ മാനേജ്മെന്റ് തലത്തിലുള്ള നീക്കങ്ങളും വൈകും. ഇതോടെ എല്ലാ പ്രതീക്ഷയും അസ്തമിച്ച അവസ്ഥയിലാണ് ജീവനക്കാർ.