ഹരിപ്പാട് അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് നേരെ ക്രൂര മർദനം; നടത്തിപ്പുകാരൻ അറസ്റ്റിൽ
ഹരിപ്പാട്: അഗതിമന്ദിരത്തിലെ അന്തേവാസികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ. കുമാരപുരം ഗ്രാമപഞ്ചായത്തിലെ എരിക്കാവ് വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിലാണ് സംഭവമുണ്ടായത്. പന്ത്രണ്ട് അന്തേവാസികളാണ് ഇവിടെയുള്ളത്. സ്ഥാപനം നടത്തിപ്പുകാരനായ കായംകുളം സ്വദേശി സിറാജുദ്ദീനെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിറാജുദ്ദീൻ അന്തേവാസികളെ മർദിക്കുന്നത് പതിവാണ് എന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി നൽകിയ പരാതിയിൽ സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.തങ്ങളെ സിറാജുദ്ദീൻ മർദിക്കുകയും എടിഎം കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുകയും ചെയ്തതായി അന്തേവാസികൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരം ഇല്ലാതെയാണ് സ്ഥാപനം നടത്തിയിരുന്നതെന്നും പരിശോധനയിൽ തെളിഞ്ഞു. അന്തേവാസികളുടെ അടുത്ത ഒരാഴ്ചത്തെ പരിപാലനം കുമാരപുരം ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഏറ്റെടുക്കും. ശേഷം ഇവരെ സാമൂഹ്യക്ഷേമ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനാണ് തീരുമാനം.അഗതിമന്ദിരത്തിൽ പഞ്ചായത്തംഗങ്ങളും ആശാവർക്കർമാരും പാലിയേറ്റീവ് ജീവനക്കാരും എത്തുമ്പോൾ സിറാജുദ്ദീനെ ഭയന്ന് അന്തേവാസികൾ പരാതികളൊന്നും പറഞ്ഞിരുന്നില്ല. സിറാജുദ്ദീൻ സ്ഥലത്തില്ലാതിരുന്ന സമയത്ത് ഇവർ എത്തിയപ്പോഴാണ് തങ്ങൾ നേരിട്ട കൊടിയ മർദനത്തിന്റെ വിവരങ്ങൾ അന്തേവാസികൾ തുറന്നു പറയുന്നത്. ഭക്ഷണം പാചകം ചെയ്യാൻ പോലും ഇവിടെ ജീവനക്കാരില്ലെന്നും അന്തേവാസികൾ പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചു.