ദൃശ്യങ്ങളും സന്ദേശങ്ങളും കണ്ട മഞ്ജു വാര്യർ ദിലീപിന്റെ ഫോൺ പുഴയിലേക്കു വലിച്ചെറിഞ്ഞു, കാവ്യയുടെ അടുത്ത ബന്ധുവിനെ വിളിച്ച് വിവരങ്ങൾ തിരക്കി; നിർണായക വെളിപ്പെടുത്തൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായിരുന്ന ദിലീപിന്റെ ഫോൺ മുൻ ഭാര്യ മഞ്ജു വാര്യർ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷി മൊഴി. സംഭവത്തിന്റെ സത്യാവസ്ഥ ബോദ്ധ്യപ്പെടാൻ അന്വേഷണ ഉദ്യോഗസ്ഥർ മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.ഫോൺ പുഴയിലെറിഞ്ഞെന്ന് മഞ്ജു വാര്യർ സമ്മതിച്ചാൽ അത് കേസിൽ നിർണായക വഴിത്തിരിവാകും. ചില ദൃശ്യങ്ങളും സന്ദേശങ്ങളും ദിലീപിന്റെ ഫോണിലുണ്ടായിരുന്നെന്നും ഇത് കണ്ട മഞ്ജു അപ്പോൾ തോന്നിയ ദേഷ്യത്തിൽ അത് പുഴയിലേക്ക് എറിഞ്ഞെന്നുമാണ് സാക്ഷി മൊഴി നൽകിയിരിക്കുന്നത്.ഫോണിൽ കണ്ട കാര്യങ്ങളെക്കുറിച്ച് സിനിമാ മേഖലയിലെ പലരോടും മഞ്ജു സംസാരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി മാത്രമാണ് അപ്പോൾ സഹകരിച്ചതെന്നും, ഇതാണ് ദിലീപിന് നടിയോട് പക തോന്നാൻ കാരണമെന്നും മൊഴിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളറിയാൻ മഞ്ജു നടി കാവ്യാ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണിൽ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടുണ്ട്. മഞ്ജു വിളിച്ച കാര്യം ഈ ബന്ധു നിഷേധിച്ചിട്ടില്ലെന്നാണ് സൂചന.