കണ്ണൂര്‍: പഴയങ്ങാടിയില്‍ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയെ തടഞ്ഞ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കടന്നപ്പള്ളിയിലെ ജിതിന്, പെരിങ്ങോത്തെ അഖില്‍, തളിപ്പറമ്ബിലെ ഷിബിന്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പഴയങ്ങാടിയിലെ ജിജേഷ്, മാടായിയിലെ സനില്‍ എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുപേരേയും ഇന്നലെ രാത്രിയോടെ റിമാന്‍ഡ് ചെയ്തു.
ജാമ്യമില്ലാവകുപ്പ്പ്രകാരമാണ് ഇവര്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. യദ്യൂരപ്പയുടെ വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ വച്ച് യദ്യൂരപ്പസഞ്ചരിച്ച വാഹനവ്യൂഹത്തെ 25 ലധികം വരുന്ന സംഘം തടഞ്ഞത്. മാടായിക്കാവില്‍ ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.
കണ്ണൂരില്‍ കരിങ്കൊടി കാണിച്ച കേസില്‍ 11 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തുത്തിട്ടുണ്ട്. ഇവരെ പിന്നീട് വിട്ടയച്ചു. തളിപ്പറമ്ബില് 10 എഐവൈഎഫ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.