വാങ്ങാനുള്ള ചെലവ് കാരണം തുളസി നട്ടുവളർത്തിയ കഞ്ചാവ് ചെടി വളർന്നുപൊങ്ങിയത് പത്തടി ഉയരത്തിൽ, 61 ശിഖരം: അന്തംവിട്ട് എക്സൈസുകാർ
കൊട്ടാരക്കര: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ സ്ത്രീ അറസ്റ്റിൽ. കൊട്ടാരക്കര താലൂക്കിൽ മേലില വില്ലേജിൽ കണിയാൻകുഴി കാരാണിയിൽ തുളസിയാണ് എക്സൈസ് വകുപ്പിന്റെ പിടിയിലായത്. തുളസി, കഞ്ചാവ് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തുടർന്ന് ഇവരുടെ വീട്ടുമുറ്റത്ത് നിന്ന് 10 അടി ഉയരവും 61 ശിഖരത്തോടും കൂടിയ വിളവെടുക്കാൻ പാകമായ കഞ്ചാവ് ചെടി കണ്ടെടുക്കുകയായിരുന്നു. കഞ്ചാവ് വാങ്ങുന്നതിന് കൂടുതൽ ചിലവ് വരുന്ന സാഹചര്യത്തിലാണ് നട്ടുവളർത്താൻ തീരുമാനിച്ചതെന്ന് തുളസി പറഞ്ഞു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ള പി.എയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഷിലു .എ, സിവിൽ എക്സൈസ് ഓഫീസർമാരായ നഹാസ്.റ്റി, സുനിൽ ജോസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിഷ, എക്സൈസ് ഓഫീസർ മുബിൻ എന്നിവർ പങ്കെടുത്തു.