തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരിയെ ഗർഭിണിയാക്കി: പിതാവിന് 106 വർഷം കഠിനതടവ്
നെയ്യാറ്റിൻകര : ഏഴാം ക്ലാസുകാരിയായ മകളെ ഗർഭിണിയാക്കിയ പിതാവിന് 106 വർഷം കഠിന തടവും 17 ലക്ഷം രൂപ പിഴയും വിധിച്ചു. 2017ൽ ആയിരുന്നു സംഭവം . കുട്ടി പ്രസവിച്ചതിനെ തുടർന്നു ഡിഎൻഎ പരിശോധനയിലും പിതൃത്വം ശാസ്ത്രീയമായി തെളിഞ്ഞു.
ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യ അറിയാതെ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതായും പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തിയതായും കോടതി കണ്ടെത്തി. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു കുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്.
പൊലീസിൽ അറിയിക്കാൻ ഡോക്ടർ നിർദേശം നൽകിയെങ്കിലും ഇത് അവഗണിച്ച പ്രതി ഗർഭഛിദ്രം ചെയ്യാൻ സഹോദരിയുടെ സഹായം തേടി. സഹോദരിയാണു പൊലീസിൽ വിവരം അറിയിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പിതാവാണു പീഡിപ്പിച്ചതെന്നു കണ്ടെത്തി.
നെയ്യാറ്റിൻകര സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഉദയകുമാർ ആണു ശിക്ഷിച്ചത്.