ജമ്മു കാശ്മീർ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ കേരളത്തിൽ, ഗുജറാത്തിൽ വെറും 4 ശതമാനം മാത്രം
ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവുമൊക്കെ നേടിയിട്ടും തൊഴിലിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനേ കൂടുകയാണ് കേരളത്തിൽ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 37.71 ലക്ഷം പേർ രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നെന്നാണ് കഴിഞ്ഞ ജൂണിൽ മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചത്. പതിനൊന്ന് ശതമാനമാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക്. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് രൂക്ഷമാണ്. രണ്ടുവർഷം മുൻപ്, 2020 ജൂണിലെ കണക്കനുസരിച്ച് കേരളത്തിൽ 27.3ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇക്കാലയളവിൽ രാജ്യത്ത് 20.8ശതമാനം മാത്രമായിരുന്നു തൊഴിലില്ലായ്മ നിരക്കെന്നത് കൂട്ടിവായിക്കുമ്പോഴാണ് കേരളത്തിലെ തൊഴിലില്ലായ്മയുടെ ഗൗരവം വ്യക്തമാവുക. 40ലക്ഷം തൊഴിൽരഹിതരായ അഭ്യസ്തവിദ്യരും അഞ്ചുലക്ഷം ജോലി മുടങ്ങിപ്പോയ വനിതകളും കേരളത്തിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.കാലത്തിന് അനുസരിച്ച് ഉന്നതവിദ്യാഭ്യാസം പൊളിച്ചുപണിത്, കേരളത്തിന്റെ ശാപമായ തൊഴിലില്ലായ്മയെ നേരിടാനുള്ള പ്രായോഗിക പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. വിപ്ലവമായി മാറിയ കുടുംബശ്രീയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും വിജയഗാഥ ഉൾക്കൊണ്ട്, ഉന്നതവിദ്യാഭ്യാസം നേടിയവരുടെ തൊഴിലുറപ്പ് പദ്ധതി ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ചു. അഞ്ചു വർഷം കൊണ്ട് 20ലക്ഷം തൊഴിൽ ഉറപ്പാക്കി കേരളത്തിന്റെ ശാപമായ തൊഴിലില്ലായ്മയെ നേരിടാനുള്ള മഹാദൗത്യമായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) കേരള നോളജ് ഇക്കോണമി മിഷൻ തയാറാക്കിയ പദ്ധതി സർക്കാർ നടപ്പാക്കുകയാണിപ്പോൾ. അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് പിന്തുണ നൽകുന്നതിനൊപ്പം മനുഷ്യവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്താനാവുന്ന തരത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ഇതിനായി തൊഴിൽദായകരെയും തൊഴിലന്വേഷകരെയും പരിശീലകരെയും പൊതുസംവിധാനമായ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ഏകോപിപ്പിക്കുന്നു. രണ്ട് ഘട്ടങ്ങളിലായി 10,600കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുക. 300കോടി ബഡ്ജറ്റ് വിഹിതമുണ്ട്.തൊഴിലുറപ്പാക്കൽ മാത്രമല്ല, പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് തൊഴിൽ മേഖലയിൽ ചലനമുണ്ടാക്കാനുള്ള നൈപുണ്യം നേടിയ യുവസമൂഹത്തെ സൃഷ്ടിച്ചെടുക്കുകയെന്ന ദൗത്യവും സർക്കാർ ഏറ്റെടുക്കും. ഇതിനായി ഉന്നതവിദ്യാഭ്യാസ, ഗവേഷണ മേഖലയുടെ സമൂലപരിഷ്കരണത്തിനായി മൂന്നുസമിതികളെ നിയോഗിച്ചിട്ടുണ്ട്. വ്യവസായമേഖലയുടെ ആവശ്യത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ പരിശീലനം ലഭ്യമാക്കും. തിരിച്ചെത്തിയ പ്രവാസികൾക്കും അദ്ധ്യാപകർക്കും വിദഗ്ദ്ധപരിശീലനം നൽകും.വീട്ടിലിരുന്ന് ജോലി, വീടിനടുത്ത് ജോലി എന്നിവ പ്രോത്സാഹിപ്പിക്കും. മുപ്പതിനായിരം രൂപയെങ്കിലും വരുമാനമുള്ള ജോലികളായിരിക്കും ലക്ഷ്യം. ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സർക്കാർ നൈപുണ്യപരിശീലനം നൽകിയശേഷം തൊഴിൽ ദാതാക്കളുമായി ബന്ധപ്പെടുത്തും. ആഗോളതലത്തിൽ 12ലക്ഷം, തദ്ദേശീയമായി എട്ടുലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യം.കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ വാഗ്ദാനം 6000 തൊഴിലാണ്. നൈപുണ്യപരിശീലനം, അടിസ്ഥാന സൗകര്യമൊരുക്കൽ, തൊഴിലിടങ്ങൾ സജ്ജമാക്കൽ എന്നിവയ്ക്ക് 5000കോടി ചെലവുണ്ട്. സ്കിൽസിറ്റി, സ്കിൽ ലൈസിയം, ടാലന്റ് പൂളുണ്ടാക്കൽ എന്നിവയ്ക്ക് 5600 കോടി ചെലവുണ്ടാവും. പദ്ധതിക്കായി 2000 കോടി കിഫ്ബി നൽകും. ബാക്കി അന്താരാഷ്ട്ര വായ്പ. കുടുംബശ്രീ വഴി 65ലക്ഷം കുടുംബങ്ങളിൽ നൈപുണ്യവികസന ജനകീയ പ്രചാരണം നടത്തും. അഞ്ച് വർഷംകൊണ്ട് 35ലക്ഷം പേർക്ക് നൈപുണ്യപരിശീലനം നൽകും. പുതിയ തൊഴിലവസരങ്ങൾക്കായി വിപണിയെ മനസിലാക്കിയുള്ള നൈപുണ്യ, മൂല്യനിർണയ, മൈക്രോ പരിശീലനം, കരിയർ കൗൺസലിംഗ് എന്നിവ നൽകും. ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ അഭ്യസ്തവിദ്യർക്ക് രജിസ്റ്റർ ചെയ്യാം. എച്ച്.ആർ ഏജൻസികളെയും സംരംഭകരെയും പ്ലേസ്മെന്റ് ഓഫീസർമാരെയും ഇതുമായി ബന്ധിപ്പിക്കും. വിദേശ വെബ്പോർട്ടലുകൾ വിദേശ തൊഴിലവസരങ്ങൾ നിരത്തും, അപേക്ഷ സ്വീകരിക്കും. തൊഴിൽ അന്വേഷകരെ കണ്ടെത്താനും പരിശീലിപ്പിക്കാനും കുടുംബശ്രീയും അസാപ്പും കൈകോർക്കും.തൊഴിൽതേടി അലച്ചിൽ