ട്രെയിനില്‍ കയറുന്നതിനിടെ വഴുതി വീണ പതിനെട്ടുകാരിയുടെ കാലുകൾ മുറിച്ചുമാറ്റി
നെയ്യാറ്റിൻകര: കാൽവഴുതി ട്രെയിനിനടിയിൽ വീണ് ഗുരുതര പരിക്കേറ്റ പെൺകുട്ടിയുടെ കാലുകൾ മുറിച്ചുമാറ്റി. തൃശ്ശൂർ സ്വദേശി രാധികയ്ക്കാണ് (18) ട്രെയിനിനടിയിൽപ്പെട്ട് കാലുകൾ നഷ്ടമായത്. നെയ്യാറ്റിൻകര കോട്ടമുകളിലെ ബന്ധുവീട്ടിലെ ജന്മദിനാഘോഷം കഴിഞ്ഞ് തിരികെ തൃശ്ശൂരിലേക്ക് പോകാനായി നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപകടം.
തിങ്കളാഴ്ച രാത്രി 11.30ന് ചെന്നൈ ഗുരുവായൂർ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കവേയാണ് പെൺകുട്ടി കാൽവഴുതി ട്രെയിനിനടിയിൽ വീണത്. തുടർന്ന് റെയിൽവേ അധികൃതർ വിവരമറിയിച്ചതനുസരിച്ച് നെയ്യാറ്റിൻകര ഫയർസ്റ്റേഷനിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വി.എസ്.സുജനും,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിബു ക്രിസ്റ്റഫറും ചേർന്ന് ട്രെയിനടിയിലേക്ക് കയറി ട്രെയിനിന്റെ ചക്രത്തിനും പാളത്തിനും ഇടയിൽ കുടുങ്ങിയ പെൺകുട്ടിയുടെ കാൽ വേർപെടുത്തി മറ്റ് സേനാംഗങ്ങളുടെ സഹായത്താൽ പുറത്തെടുത്ത് നെയ്യാറ്റിൻകര ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ രാധികയെ പിന്നീട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി ഇരുകാലുകളും മുറിച്ച് മാറ്റുകയായിരുന്നു. ഫയർസ്റ്റേഷൻ ഓഫീസർ രൂപേഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അൽഅമീൻ, അജിത്, ഷിജു ടി. സാം, വിനീഷ് കുമാർ, ഹോംഗാർഡ് ശ്രീകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.