അസാനി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യത
മുംബയ്: ‘അസാനി’ അതിതീവ്ര ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കോട്ടയത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നു. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. മീനച്ചിലാർ കരകവിഞ്ഞു.
അതേസമയം, അസാനി ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാ തീരത്തിന് സമീപമെത്തും. അതിനുശേഷം ദിശ മാറി യാനം, കാക്കിനട, വിശാഖപട്ടണം തീരം വഴി മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ പ്രവേശിക്കും. ആന്ധ്രയിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.