കേരളത്തിലേക്ക് മത്സ്യവുമായി എത്തിയ ലോറികളെ അതിർത്തിയിൽ വച്ച് പരിശോധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം , ഫോർമലിൻ അമോണിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്താൻ മൊബൈൽ പരിശോധന വാഹനം എത്തിച്ചു . പരിശോധന ഫലം ഇങ്ങനെ …
കാസർകോട് ∙ കാസർകോട് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുകയാണ് . ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മത്സ്യവുമായി എത്തിയ ലോറികളാണ് അതിർത്തി പ്രദേശങ്ങളായ തലപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ വച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ചത്.എന്നാൽ കഴിഞ്ഞ ദിവസം കാസർകോട് മീൻ മാർക്കറ്റിൽ മണത്തു നോക്കി മീൻ 200 കിലോ മീൻ പിടിച്ചെടുത്തത് പരാതിക്ക് കാരണമായിരുന്നു .എന്നാൽ ഇത്തവണ ഓരോ പെട്ടികളിൽ നിന്നും സാംപിളുകൾ ശേഖരിച്ചണ് പരിശോധന നടത്തിയത് . ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായിരുന്നു പരിശോധന. കർണാടക,ഗോവ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യം കയറ്റി എത്തിയ വാഹനങ്ങളാണ് പരിശോധിച്ചത്.
മൊബൈൽ പരിശോധന വാഹനം സ്ഥലത്തെത്തിച്ച് മത്സ്യത്തിൽ ഫോർമലിൻ അമോണിയം എന്നിവയുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിച്ചു. എല്ലാ ലോറികളിൽ നിന്നും മീൻ സാംപിളുകൾ ശേഖരിച്ചു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല . ഇതര സംസ്ഥാനങ്ങളിൽ നിന്നു ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ കേരളത്തിലേക്കു കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ പി.കെ.ജോൺ വിജയകുമാർ, ഓഫിസർമാരായ കെ.പി. മുസ്തഫ, കെ. സുജയൻ, നോഡൽ ഓഫിസർ ഹേമാംബിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്