കാരക്കോണത്ത് മീനിൽ പുഴു; തലസ്ഥാനത്ത് പിടിച്ചെടുത്തത് ഒരു മാസം പഴക്കമുള്ള 800 കിലോ മത്സ്യം
തിരുവനന്തപുരം: കാരക്കോണത്ത് 800 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മീനിൽ പുഴുവിനെ കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്.പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒരു മാസത്തോളം പഴക്കമുള്ള മത്സ്യമാണ് പിടിച്ചെടുത്തത്. മീനിൽ രാസവസ്തുക്കൾ കലർത്തിയിരുന്നെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ കേരളത്തിലുടനീളം നിന്ന് 7000 കിലോയോളം പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. കൂടാതെ പഴകിയ മീൻ വിറ്റ 150 കടകളും ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് പാലക്കാട് നിന്ന് 1800 കിലോ വരുന്ന പഴകിയ മത്സ്യം കണ്ടെത്തിയിരുന്നു.അതേസമയം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ തിരുവനന്തപുരം നഗരത്തിൽ കോർപ്പറേഷൻ ഹെൽത്ത് സ്ക്വാഡും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പരിശോധനയിൽ അഞ്ച് ഹോട്ടലുകളും രണ്ട് ഹോസ്റ്റലുകളും പൂട്ടിച്ചു. ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ നാല് ഹോട്ടലുകളും രണ്ട് ഹോസ്റ്റലുമാണ് പൂട്ടിയത്.വിഴിഞ്ഞം അലാവുദീൻ റസ്റ്റോറന്റ്, നന്ദൻകോട് ഇറാനി റസ്റ്റോറന്റ്, പൊട്ടക്കുഴി മൂൺസിറ്റി തലശേരി ദം ബിരിയാണി, നന്ദൻകോട് ഗീതാഞ്ജലി ടിഫിൻ സെന്റർ എന്നിവിടങ്ങളിൽ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അടുക്കള കണ്ടെത്തുകയും ഇവിടെ നിന്ന് പഴകിയ ഭക്ഷണം പിടികൂടുകയും ചെയ്തിരുന്നു.ഭക്ഷ്യസുരക്ഷാ വകുപ്പ് 11 ഹോട്ടലുകളിൽ പരിശോധന നടത്തുകയും മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും മൂന്നെണ്ണത്തിൽ നിന്ന് പിഴയീടാക്കുകയും ചെയ്തു.