അനുമതിയില്ലാതെ ഓഫ് റോഡ് റെെഡ് നടത്തിയ നടൻ ജോജുവിനെതിരെ കേസ്, നടപടി കെ എസ് യുവിന്റെ പരാതിയിന്മേൽ
ഇടുക്കി: നടൻ ജോജു ജോർജിനെതിരെ വീണ്ടും കേസ്. അനുമതിയില്ലാതെ ഓഫ് റോഡ് റെെഡ് നടത്തിയതിനാണ് നടപടി. ഇടുക്കി വാഗമണ്ണിലായിരുന്നു റെെഡ്.പരിപാടി സംഘടിപ്പിച്ചവർക്കും പങ്കെടുത്തവർക്കും സ്ഥലം ഉടമയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.നിയമവിരുദ്ധമായി ഓഫ് റോഡ് ജീപ്പ് റൈഡ് സംഘടിപ്പിച്ച ജോജുവിനും പരിപാടിയുടെ മറ്റു സംഘാടകർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് ടോണി തോമസ് ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്കാണ് പരാതി നൽകിയത്.ശനിയാഴ്ചയാണ് വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിൽ റൈഡ് നടന്നത്. കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയിൽ കൈവശമുള്ള ഭൂമിയിൽ നിയമവിരുദ്ധമായി യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാതെ അപകടകരമായ രീതിയിൽ റൈഡ് സംഘടിപ്പിച്ചെന്നാണ് പരാതി. ഇത് പ്ലാന്റേഷൻ ലാന്റ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിലുണ്ട്.റെെിഡിൽ തന്റെ ജീപ്പ് റാംഗ്ലറുമായാണ് ജോജു ജോർജ് പങ്കെടുത്തത്. റൈഡ് പൂർത്തിയാക്കിയ ശേഷം ആഹ്ളാദം പ്രകടനം നടത്തിയ താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.