ലിവിംഗ് ടുഗദർ പങ്കാളിയെ കുത്തിക്കൊന്ന് യുവാവ്; പത്തൊൻപതുകാരി മരിച്ചത് വാക്കുത്തർക്കത്തിനിടെ
ന്യൂഡൽഹി: വാക്കുതർക്കത്തിനിടെ പത്തൊൻപതുകാരിയെ കഴുത്തിൽ കുത്തിക്കൊന്ന് യുവാവ്. കഴിഞ്ഞ ദിവസം വൈകിട്ട് ഡൽഹിയിൽ മെഹ്റോലി എന്ന സ്ഥലത്താണ് സംഭവം നടന്നത്. മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും കഴിഞ്ഞ രണ്ട് മാസമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.ഓട്ടോ റിക്ഷാ റിപ്പയർ ചെയ്യുന്ന ജോലിയായിരുന്നു യുവാവിന്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇയാൾ ജോലിക്ക് പോയിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവരും വഴക്കിടുന്നത് പതിവായിരുന്നു. പ്രശ്നം ഒത്തുതീർപ്പാക്കുന്നതിന് തിങ്കളാഴ്ച വൈകിട്ട് കാണാമെന്ന് ഇരുവരും തീരുമാനിക്കുകയും തുടർന്ന് വാക്കുത്തർക്കത്തിനിടെ യുവാവ് കത്തിയുപയോഗിച്ച് യുവതിയെ കഴുത്തിന് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.വൈകിട്ട് ആറരയോടെ സ്റ്റേഷനിൽ ലഭിച്ച വിവരത്തെത്തുടർന്ന് പൊലീസ് ഇരുവരും താമസിച്ചിരുന്ന വീട്ടിൽ എത്തിയപ്പോൾ യുവതിയെ നിലത്ത് രക്തത്തിൽ കുളിച്ച നിലയിലും യുവാവിനെ കയ്യിൽ കത്തിയുമായി കണ്ടെത്തുകയുമായിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.