കെ എസ് ആർ ടി സി ശമ്പളക്കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്തമില്ല; കൈയൊഴിഞ്ഞ് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ എസ് ആർ ടി സി ശമ്പളക്കാര്യത്തിൽ ഇനി സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന വാഗ്ദ്ധാനം യൂണിയനുകൾ ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് പത്താം തീയതിക്കകം ശമ്പളം നൽകാമെന്ന് പറഞ്ഞത്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതായി. ഇനി സർക്കാരിന് ഉത്തരവാദിത്തമില്ല. യൂണിയനുകളും മാനേജുമെന്റുകളും തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. 100 പൊതുമേഖല സ്ഥാപനങ്ങളിലൊന്ന് മാത്രമാണ് കെ എസ് ആർ ടി സിയെന്നും മനേജ്മെന്റാണ് ശമ്പളം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൃത്യസമയത്ത് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് മേയ് ആറിനാണ് സൂചനാ പണിമുടക്ക് നടത്തിയത്. നാല് ദിവസം കഴിഞ്ഞിട്ടും കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല. ശമ്പള വിതരണത്തിനായുള്ള സർക്കാർ സഹായമായ മുപ്പത് കോടി ഇന്നലെ കിട്ടിയിരുന്നു. ബാക്കി തുക മാനേജ്മെന്റിന്റെ കൈയിൽ ഇല്ലാത്തതാണ് കാരണം. കഴിഞ്ഞ മാസത്തേത് പോലെ അമ്പത് കോടിയോളം രൂപ ബാങ്കുകളിൽ നിന്നും വായ്പ എടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇന്നു രാത്രിയ്ക്കകം ശമ്പളം ലഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ നടപടികളിലേക്ക് കടക്കാനാണ് യൂണിയനുകളുടെ തീരുമാനം.