വിജയ് ബാബുവിന്റെ താമസ സ്ഥലം ഇതുവരെ കണ്ടെത്താനായില്ല; ഫോണ്‍ നമ്പറുകള്‍ നിരീക്ഷിച്ച് സൈബര്‍ പൊലീസ്, സഹായത്തിനായി ഇന്റര്‍പോളും ദുബായ് പൊലീസും
കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബു വിദേശത്ത് ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്താനാകാതെ പൊലീസ്. നടൻ ദുബായിൽ ഉണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചുവെങ്കിലും താമസിക്കുന്ന സങ്കേതം കണ്ടത്താനായിട്ടില്ല.ഈ മാസം 24ന് അദ്ദേഹം ദുബായിൽ എത്തിച്ചേർന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള തയാറെടുപ്പുകളാണ് പൊലീസ് ഇപ്പോൾ നടത്തുന്നത്.മജിസ്ട്രേട്ട് കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച അറസ്റ്റ് വാറന്റ് ഇന്റര്‍പോളിനും ദുബായ് പൊലീസിനും കൈമാറിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം വഴിയായിരുന്നു നീക്കം. വിഷയത്തിൽ തുടര്‍ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൊച്ചി സിറ്റി പൊലീസ് വീണ്ടും കത്തയച്ചിട്ടുണ്ട്.വിദേശത്തുള്ള നടൻ ഉപയോഗിക്കാന്‍ സാദ്ധ്യതയുള്ള നമ്പറുകളെല്ലാം സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് വരെ പിടിതരാതെ നില്ക്കാൻ വിജയ് ബാബു ശ്രമിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.’നടൻ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം ലഭിച്ചാലുടൻ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമാകും’- കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.