ആൺസുഹൃത്തിനൊപ്പം ലോഡ്ജിൽ മുറിയെടുത്ത പെൺകുട്ടിയെ പൊലീസ് ചമഞ്ഞ് പീഡിപ്പിക്കാൻ ശ്രമം; മൂന്നുപേർ പിടിയിൽ
പട്ടാമ്പി: പൊലീസ് ചമഞ്ഞ് ഇരുപതുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്നു പേർ അറസ്റ്റിലായി. കൊല്ലങ്കോട് സ്വദേശിയായ പെൺകുട്ടി പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജിൽ ആൺസുഹൃത്തിനൊപ്പമായിരുന്നു താമസം.ഇതേ ലോഡ്ജിൽ ഉണ്ടായിരുന്ന അഞ്ചംഗസംഘം പൊലീസുകാരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. മേയ് രണ്ടിനായിരുന്നു പെൺകുട്ടി സുഹൃത്തിനൊപ്പം പട്ടാമ്പി പാലത്തിനുസമീപം ഗുരുവായൂര്‍ റോഡിലുള്ള ലോഡ്ജിൽ റൂമെടുത്തത്.പീഡന ശ്രമം നടക്കുന്നത് മേയ് നാലിനായിരുന്നു. ഇവർ താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നവരാണ് പെൺകുട്ടിയെ പീഡിപ്പിക്കാനും തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചത്.പെൺകുട്ടിയുടെ പരാതിയിൽ വല്ലപ്പുഴ സ്വദേശി അബ്ദുൾ വഹാബ്(31), മട്ടാഞ്ചേരി സ്വദേശി സജു കെ സമദ്(35), തൃശൂർ സ്വദേശി മുഹമ്മദ് ഫാസിൽ (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ ലോഡ്ജിൽ മുമ്പും പീഡനശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.