വരന്റെ കൈയിലെ വരണമാല്യം പിടിച്ചുവാങ്ങി വധുവിന് ചാർത്തി, പിന്നെ കൂട്ടത്തല്ല്; ഒടുവിൽ പൊലീസ് എത്തിയപ്പോൾ വിശ്വസിക്കാനാവാത്ത വമ്പൻ ട്വിസ്റ്റും
പാട്ന: വിവാഹ വേദയിൽ വരണമാല്യവും പിടിച്ച് നമ്രമുഖിയായി നിൽക്കുന്ന വധു. തൊട്ടടുത്ത് ചെറുപുഞ്ചിരിയോടെ നിൽക്കുന്ന വരൻ. ചുറ്റിലും ബന്ധുക്കളും. പെട്ടെന്നാണ് അത് സംഭവിച്ചത്. ആൾക്കൂട്ടത്തിൽ നിന്ന് ഒരു യുവാവ് മണ്ഡപത്തിലേക്ക് കയറിവന്നു. എത്തിയപാടെ വരന്റെ കൈയിലുണ്ടായിരുന്ന വരണമാല്യം പിടിച്ചുവാങ്ങി വധുവിന് ചാർത്തി. ഒപ്പം സീമന്തരേഖയിൽ സിന്ദൂരം ചാർത്തുകയും ചെയ്തു. പിന്നെ നടന്നത് പൊരിഞ്ഞ അടി. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴാണ് സംഭവത്തിന് പിന്നിലെ ശരിക്കുമുള്ള ട്വിസ്റ്റ് എല്ലാവർക്കും ബോധ്യപ്പെട്ടത്.സംഭവം ഇങ്ങനെ:ബീഹാറിലെ ജയമലയിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. അമൻ എന്ന യുവാവാണ് നായകൻ. വരന്റെ കൈയിലുണ്ടായിരുന്ന വരണമാല്യം പിടിച്ചുവാങ്ങിയതോടെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ അമനെ അതിക്രൂരമായാണ് മർദ്ദിച്ചത്. അസഹനീയ മർദ്ദനമായിട്ടും അയാൾ പ്രതിരോധത്തിന് മുതിർന്നില്ല. കിട്ടിയ അവസരം മുതലാക്കി എല്ലാവരും കണക്കിന് തല്ലി. പൊലീസ് എത്തിയപ്പോഴാണ് പലരും തല്ല് അവസാനിപ്പിച്ചത്. പൊലീസ് ചോദ്യംചെയ്തപ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. വധുവും അമനും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു. വധുവിന്റെ വീട്ടുകാർ ഇതിനെ എതിർത്തു. അവർ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. വീട്ടുകാരുടെ ആവശ്യത്തിന് വഴങ്ങുന്നു എന്ന് കാട്ടിയെങ്കിലും പ്രണയം ഉപേക്ഷിക്കാൻ അവർ ഒരുക്കമായിരുന്നില്ല. ഇരുവരും ചേർന്ന് കൂടിയാലോചിച്ച് വിവാഹ ദിനത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ വിവാഹിതരാവാൻ തീരുമാനിച്ചു.വധുവാണ് അമനെ വിവാഹ വേദിയിലേക്ക് വിളിച്ചുവരുത്തിയത്. കാര്യമായി ഇടി കൊണ്ടിട്ടും പ്രതികരിക്കാതിരുന്നത് കാമുകിയോടുള്ള സ്നേഹം നിമിത്തമായിരുന്നു. പരാതി തന്നാൽ കേസെടുക്കാമെന്ന് പൊലീസ് പറഞ്ഞെങ്കിലും ആരും അതിന് തയ്യാറായില്ല. അതോടെ കസ്റ്റഡിയിലായിരുന്ന അമനെ വിട്ടയച്ചു. അതേസമയം, വധുവിന് മറ്റൊരാളുമായി ബന്ധമുള്ളതിനാൽ വിവാഹവുമായി മുന്നോട്ടുപോകുന്നതിൽ കാര്യമില്ലെന്നാണ് വരന്റെ നിലപാട്. അയാളുടെ വീട്ടുകാരും ഇതേനിലപാടുകാരാണ്.