50 വയസ് കടന്നവര്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം
പ്രായം കൂടുംതോറും നമ്മുടെ ആരോഗ്യാവസ്ഥയില്‍ ( Old age ) കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും. അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ( Body Functioning ) മന്ദഗതിയിലാകും. അതുപോലെ തന്നെ അസുഖങ്ങള്‍ പിടിപെടുന്നതിനുള്ള സാധ്യതകളും കൂടുതലാണ്. ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ പിടിപെട്ടാല്‍ അത് ഭേദമാകുന്നതിന് പ്രായം കൂടുംതോറും കാലതാമസവും എടുക്കും.
അതിനാല്‍ തന്നെ പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലാണ് ഗൗരവകരമായ ജാഗ്രത പുലര്‍ത്തേണ്ടത്. കാരണം പ്രായം ഏറുന്നതിന് അനുസരിച്ച് ഹൃദയാഘാതം- ഹൃദയസ്തംഭനം പോലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതകളറെയാണ്.
അമ്പത് കടന്നവരാണെങ്കില്‍ നിര്‍ബന്ധമായും ജീവിതരീതികളില്‍ പലതും കരുതേണ്ടതുണ്ട്. ഹൃദയം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഇത്തരത്തില്‍ കരുതേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
ഹൃദയം സുരക്ഷിതമാണോ എന്നുറപ്പിക്കാന്‍ പലപ്പോഴും നമുക്ക് സ്വയം കഴിയണമെന്നില്ല. അതിനാല്‍ തന്നെ അമ്പത് കടന്നവര്‍ കൃത്യമായ ഇടവേളകളില്‍ ഇതിന് മെഡിക്കല്‍ പരിശോധന നടത്തുന്നതാണ് ഉചിതം.
രണ്ട്…
അമ്പത് കടന്നവര്‍ നിര്‍ബന്ധമായും ഡയറ്റില്‍ പല കാര്യങ്ങളും ശ്രദ്ധിക്കുക. ആരോഗ്യകരമായ ഭക്ഷണം ‘ബാലന്‍സ്ഡ്’ ആയി കഴിക്കണം. പ്രോസസ്ഡ് ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും നിത്യേന കഴിക്കുക. പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളും ഡയറ്റിലുള്‍പ്പെടുത്തുക. ചിക്കന്‍, സീഫുഡ്, സോയബീന്‍സ്, പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. എല്ലാം മിതമായ അളവില്‍ മാത്രം കഴിക്കുക. ബട്ടര്‍- ക്രീം പോലുള്ളവ ഒഴിവാക്കുക. ഓട്ട്സ്, ബ്രൗണ്‍ റൗസ് എന്നിങ്ങനെയുള്ളവ ഡയറ്റിലുള്‍പ്പെടുത്താം.
മൂന്ന്…
എല്ലായ്പോഴും ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ തിരിച്ചറിയാന്‍ ആശുപത്രിയില്‍ പോവുകയെന്ന് സാധ്യമായ കാര്യമല്ല. അതുകൊണ്ട് തന്നെ ഷുഗര്‍, ബിപി എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ നിയന്ത്രണത്തിലാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ വീട്ടില്‍ തന്നെ സജ്ജീകരിക്കാന്‍ ശ്രമിക്കുക.
നാല്…
വ്യായാമം ജീവിതരീതിയുടെ ഭാഗമാക്കുക. അമ്പത് കടന്നവര്‍ ഹൃദയാരോഗ്യം കൂടി മുന്‍നിര്‍ത്തിയുള്ള വ്യായാമത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. കഠിനമായ വര്‍ക്കൗട്ടുകള്‍ അമ്പതിന് ശേഷമുള്ളവര്‍ ചെയ്യേണ്ടതില്ല. യോഗ വളരെ അനുയോജ്യമായ ഒരു രീതിയാണ്. വര്‍ക്കൗട്ടിന് മുമ്പും ശേഷവും വാം അപ് ചെയ്യാനും വെള്ളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
അഞ്ച്…
പുകവലിയും മദ്യപാനവും ഉള്ളവരാണെങ്കില്‍ ഈ ദുശീലങ്ങളെല്ലാം തന്നെ ഉപേക്ഷിക്കുക. കാരണം അമ്പതിന് ശേഷം പുകവലിയുടെയോ മദ്യപാനത്തിന്റെയോ ദൂഷ്യഫലങ്ങളെ നേരിടാന്‍ ശരീരത്തിന് ശേഷി കുറയും. ഇവയെല്ലാം തന്നെ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ്.