ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിലെത്തി ; കാവ്യ മാധവനെ ചോദ്യം ചെയ്യുന്നു
ആലുവ: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസും രണ്ട് എസ്പിമാരുമടങ്ങുന്ന സംഘം ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടിലെത്തിയാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്.പന്ത്രണ്ട് മണിയോടുകൂടിയാണ് അന്വേഷണ സംഘം പത്മസരോവരത്തെത്തിയത്. അൽപം മുൻപ് കാവ്യയുടെ മാതാപിതാക്കൾ ഇവിടെയെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കാവ്യയ്ക്ക് നേരത്തെ രണ്ട് തവണ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു.
ആദ്യ തവണ നോട്ടീസ് നൽകിയപ്പോൾ സ്ഥലത്തില്ലെന്ന് കാവ്യ അറിയിക്കുകയായിരുന്നു. സാക്ഷിയായ തന്നെ വീട്ടിൽവച്ച് ചോദ്യം ചെയ്യാമെന്നായിരുന്നു രണ്ടാം തവണ നടി അറിയിച്ചത്. എന്നാൽ അന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നില്ല. തുടർന്ന് ഈ മാസം ആറിന് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നൽകുകയായിരുന്നു.നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയിൽ ദിലീപിനൊപ്പം ഭാര്യ കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യുന്നത്.