എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് സ്വർണം മോഷ്ടിച്ചത് ഉറങ്ങിക്കിടക്കവെ , കവർച്ചയ്ക്കിടെ കുഞ്ഞിന് മുറിവേറ്റു
കഴക്കൂട്ടം: കഠിനംകുളം പെരുമാതുറയിൽ ഉറങ്ങിക്കിടന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ കവർന്നു. കൊട്ടാരംതുരുത്ത് പാട്ടപുരയിടത്തിൽ ഹിജാസ് – ജാസ്മിൻ ദമ്പതികളുടെ കുഞ്ഞ് അഹ്സയുടെ ദേഹത്ത് അണിഞ്ഞിരുന്ന പാദസരം, വള, അരഞ്ഞാണം ഉൾപ്പെടെയുള്ള ഒന്നേമുക്കാൽ പവനാണ് മോഷണം പോയത്. തുറന്ന് കിടന്ന ജനലിനോട് ചേർന്നുള്ള കട്ടിലിൽ കുഞ്ഞും മാതാവ് ജാസ്മിനും ഉറങ്ങിക്കിടക്കേ കഴിഞ്ഞദിവസം വെളുപ്പിന് രണ്ടിനും മൂന്നിനും ഇടയിലായിരുന്നു മോഷണം.വള ഊരുന്നതിനിടയിൽ കൈക്ക് മുറിവേറ്റ കുഞ്ഞിന്റെ കരച്ചിലിൽ കേട്ടാണ് അമ്മ ഉണർന്നത്. ഈ സമയം മോഷ്ടാവ് ജനലിന് സമീപം നിന്ന് ഓടി മാറിയതായും മോഷ്ടാവിനെ കണ്ടാൽ അറിയാമെന്നും ജാസ്മിൻ പൊലീസിനോട് പറഞ്ഞു. പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതായും പ്രതി ഉടൻ പിടിയിലാകുമെന്നും കഠിനംകുളം പൊലീസ് എസ്.എച്ച്.ഒ അൻസാരി അറിയിച്ചു.