മോഷണത്തിന് ഫാന്റം പൈലിക്കുള്ളത് ആരും അന്തംവിട്ടുപോകുന്ന വെറൈറ്റി രീതി, സിനിമാ സ്റ്റൈൽ പേരുവന്നതിന് പിന്നിലെ കാരണം ഇതായിരുന്നു
എഴുകോൺ : രണ്ടാലും മുക്കിലെ വീട്ടിൽ നിന്ന് സ്വർണം കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പള്ളിക്കൽ സജിന മൻസിലിൽ ഷാജി (40- ഫാന്റം പൈലി) പിടിയിലായി. ഏപ്രിൽ 20ന് കാരുണ്യ നഗർ ശ്രീപൂരത്തിൽ ബാല മുരുകന്റെ വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് . ആളില്ലാതിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഇയാളുടെ കൂട്ടാളിയായിരുന്ന വർക്കല സ്വദേശി വിഷ്ണുവിനെ ചാത്തന്നൂർ പൊലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് എഴുകോണിലെ മോഷണക്കേസിൽ തുമ്പുണ്ടായത്. ഷാജിയും വിഷ്ണുവും ഉൾപ്പെടെ മൂന്ന് പ്രതികളാണ് എഴുകോണിലെ കേസിൽ ഉള്ളത്. മൂന്നാമനായി തെരച്ചിൽ തുടരുകയാണ്.വർക്കല സംഘം മുക്കിൽ നിന്നാണ് ഷാജി പിടിയിലായത്.ഫാന്റം പൈലി എന്ന പേരിലുള്ള ഓട്ടോയിൽ കറങ്ങി നടന്ന് മോഷണം നടത്തിയതിനെ തുടർന്നാണ് ഈ വിളിപ്പേര് വന്നത്. വിവിധ ജില്ലകളിൽ മോഷണക്കേസിൽ അറസ്റ്റിലായിട്ടുള്ള ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയാലുടൻ ഏതെങ്കിലും വാഹനം വാങ്ങി കൂട്ടാളികളെയും കൂട്ടി കറങ്ങി നടന്ന് വീണ്ടും മോഷ്ടിക്കുന്നതാണ് ശീലം.കൊല്ലം റൂറൽ പൊലീസ് മേധാവി കെ.ബി. രവിയുടെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര ഡിവൈ.എസ്.പി. ആർ.സുരേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എഴുകോൺ ഇൻസ്പെക്ടർ ടി.എസ്. ശിവപ്രകാശ് , വർക്കല ഇൻസ്പെക്ടർ പ്രശാന്ത്, എഴുകോൺ എസ്. ഐമാരായ അനീസ്.എ, സുരേഷ് , ഉണ്ണികൃഷ്ണപിള്ള, എസ്.സി.പി.ഒ മാരായ പ്രദീപ് , ഗിരീഷ് , സി.പി.ഒ രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.