സിനിമാ മേഖലയിലുള്ളവരെ സ്വാധീനിച്ച് പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ ശ്രമം; വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വേഗത്തിലാക്കി അന്വേഷണ സംഘം
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കി അന്വേഷണ സംഘം. അഡീഷണൽ സി ജെ എം കോടതിയിൽ നിന്ന് വാങ്ങിയ അറസ്റ്റ് വാറണ്ട് പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ഇത് ഇന്റർപോളിന് കൈമാറും.
വിജയ് ബാബു സിനിമാ മേഖലയിലെ പലരെയും സ്വാധീനിച്ച് നടിയെക്കൊണ്ട് പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. കൂടാതെ പരിചയമില്ലാത്ത ചില നമ്പരുകളിൽ നിന്ന് വിളിച്ച് നടിയെ സ്വാധീനിക്കാൻ വിജയ് ബാബു ശ്രമിച്ചെന്ന് സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.ഏപ്രിൽ 22നാണ് കോഴിക്കോട് സ്വദേശിനിയായ നടി വിജയ് ബാബുവിനെതിരെ പരാതി നൽകിയത്. സിനിമയിൽ അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് എറണാകുളത്തെ ഫ്ളാറ്റിൽ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി.