റിഫയുടെ ശരീരം കാര്യമായി അഴുകിയിരുന്നില്ല, ഒറ്റ നോട്ടത്തിൽ പരിക്കൊന്നും കാണാനില്ലെന്ന് മൃതദേഹം പുറത്തെടുത്ത അബ്ദുൾ അസീസ്
കോഴിക്കോട്: റിഫ മെഹ്നുവിന്റെ മൃതദേഹം നല്ലരീതിയിൽ എംബാം ചെയ്തിരുന്നതിനാൽ കാര്യമായി അഴുകിയിരുന്നില്ലെന്ന് മൃതദേഹം പുറത്തെടുത്ത അബ്ദുൾ അസീസ്. മൃതദേഹം പുറത്തെടുക്കാൻ സഹായം വേണമെന്ന് അഞ്ച് ദിവസം മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ തീർച്ചയായും വരുമെന്ന് അസീസ് അറിയിച്ചു. മൃതദേഹം ജലാംശം പോയി ചുക്കിച്ചുളിഞ്ഞ നിലയിലായിരുന്നു. എന്നാൽ മുഖമെല്ലാം മനസിലാക്കാൻ കഴിയുന്ന നിലയിലായിരുന്നുവെന്ന് അസീസ് പറഞ്ഞു.
ഒറ്റനോട്ടത്തിൽ മൃതദേഹത്തിൽ വലിയ പരിക്കൊന്നും കാണാൻ കഴിഞ്ഞില്ലെന്നും അസീസ് പറയുന്നു. കഴിഞ്ഞ 40 വർഷമായി മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിന് സഹായം ചെയ്യുന്ന അബ്ദുൾ അസീസ് ഇത് താൻ പുറത്തെടുക്കുന്ന 3901ാം മൃതദേഹമാണെന്നും അറിയിച്ചു. ഒളവണ്ണയിലെ മുൻ പഞ്ചായത്തംഗം കൂടിയാണ് അദ്ദേഹം. പണം നൽകാതെയാണ് അസീസിന്റെ സേവനം. പണം നൽകാൻ നിർബന്ധിക്കുന്നവരോട് വീൽചെയരോ വാട്ടർ ബെഡോ സംഭാവനയായി വാങ്ങും.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നിന്ന് റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടം ചെയ്യാൻ മാറ്റി. നടപടികൾ പൂർത്തിയാക്കി ഇന്നുതന്നെ മൃതദേഹം മറവ് ചെയ്യും.
ദുബായിൽ കരാമയിൽ ഒരു പർദാ ഷോപ്പിൽ ജോലി നോക്കിയിരുന്ന വ്ളോഗറും യൂട്യൂബറുമായ റിഫ
മരണം നടന്ന ദിവസം രാത്രി ഒൻപതിന് രണ്ട് വയസുകാരൻ മകനെയും മാതാപിതാക്കളെയും വീഡിയോകോൾ ചെയ്ത് സംസാരിച്ചിരുന്നു. ഈ സമയം സന്തോഷവതിയായി കാണപ്പെട്ട റിഫ പിറ്റേന്ന് താമസസ്ഥലത്ത് മരിച്ച വിവരമാണ് നാട്ടിലറിഞ്ഞത്.
മരണം നടന്ന് രണ്ട് ദിവസത്തിനകം നാട്ടിലെത്തിച്ച മൃതദേഹം ദുബായിൽ പോസ്റ്റ്മോർട്ടം നടത്തിയതായും ഉടൻ മറവ് ചെയ്യണമെന്നും ഭർത്താവ് കാസർകോട് സ്വദേശി മെഹ്നാസ് വീട്ടുകാരോട് ആവശ്യപ്പെട്ടു. ഇതോടെ മകളെ ശാരീരികവും മാനസികമായും ഉപദ്രവിച്ചിരുന്നതായി മെഹ്നാസി(26)നെതിരെ റിഫയുടെ വീട്ടുകാർ പരാതിപ്പെട്ടു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനും ആത്മഹത്യാപ്രേരണാ കുറ്റത്തിനുമാണ് കേസ്. ഇപ്പോൾ ഇയാൾ നാട്ടിലുണ്ട്.