മുഖ്യമന്ത്രിയായിട്ട് ഒരു വർഷം; ബസിലെത്തി ജനങ്ങളോട് വിശേഷങ്ങൾ ചോദിച്ച് എം കെ സ്റ്റാലിൻ
ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ഒരു വർഷം പൂർത്തിയാക്കിയതിന് പിന്നാലെ സർക്കാർ ബസിൽ യാത്ര ചെയ്ത് എം കെ സ്റ്റാലിൻ. ബസിൽ സഞ്ചരിച്ച മുഖ്യമന്ത്രി ജനങ്ങളോട് അവരുടെ വിശേഷങ്ങൾ ചോദിച്ചു മനസിലാക്കി. ചെന്നൈയിലെ രാധാകൃഷ്ണൻ ശാലൈ റോഡിലൂടെയാണ് സ്റ്റാലിൻ സഞ്ചരിച്ചത്.തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ഡിഎംകെയുടെ പ്രധാന വാഗ്ദ്ധാനമായിരുന്നു സ്ത്രീകൾക്ക് സൗജന്യ യാത്ര. ടിക്കറ്റ് സൗജന്യമാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബസിലെ സ്ത്രീ യാത്രക്കാരുമായി മുഖ്യമന്ത്രി സംസാരിച്ചു. എല്ലാ സർക്കാർ സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം സൗജന്യമായി നൽകുന്നതുൾപ്പെടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങളാണ് സ്റ്റാലിൻ നടത്തിയിരിക്കുന്നത്.ഡിഎംകെ സ്ഥാപകനായ സി എൻ അണ്ണാദുരൈ, മുൻ മുഖ്യമന്ത്രിയും പിതാവുമായ എം കരുണാനിധി എന്നിവരുടെ ശവകുടീരവും സ്റ്റാലിൻ സന്ദർശിച്ചു. എഐഎഡിഎംകെയുടെ പത്ത് വർഷത്തെ ഭരണത്തിനു ശേഷം 2021ലാണ് സ്റ്റാലിൻ അധികാരത്തിലെത്തിയത്.