സിക്സറടിച്ച് തൃക്കാക്കരയിൽ സെഞ്ചുറി തികയ്ക്കുമെന്ന് മുഹമ്മദ് റിയാസ്; ഉറപ്പായും എൽഡിഎഫിനെ 99ൽ നിർത്തുമെന്ന് ഷാഫി പറമ്പിൽ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇടത് വലത് മുന്നണികൾ പ്രചാരണം ആരംഭിച്ചതിന് പിന്നാലെ മുന്നണി നേതാക്കൾ തമ്മിൽ വാക്പോരും കൊഴുക്കുകയാണ്. ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്ലൈനിൽ പ്രചാരണം ആരംഭിച്ച എൽഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇപ്പോൾ ഞങ്ങൾ 99ലാണ് നിൽക്കുന്നതെന്നും സെഞ്ചുറി സിംഗിളിലൂടെയായിരിക്കില്ല സിക്സർ അടിച്ചായിരിക്കുമെന്നുമാണ് പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ കമന്റ്.
എന്നാൽ 99ൽ നിന്നും 100ലെത്താൻ എൽഡിഎഫിന് സിംഗിൾ മതി എന്നിട്ടും സിക്സ് വേണമെന്ന് തോന്നുന്നത് ആത്മവിശ്വാസ കുറവുകൊണ്ടാണെന്നും അത് നടക്കില്ലെന്നുമാണ് ഷാഫി പറമ്പിൽ എംഎൽഎ മന്ത്രിയ്ക്ക് നൽകിയ മറുപടി.’ 99 തിരിച്ചിട്ടാൽ രണ്ട് ആറ് കിട്ടുമെന്നും അത്രയേയുളളു. ഉറപ്പായും അവരെ 99ൽ തന്നെ നിർത്തും’ എംഎൽഎ പറയുന്നു.
അതേസമയം വൈദികർക്കൊപ്പം ഇടത് സ്ഥാനാർത്ഥിയെ അവതരിപ്പിച്ചതിൽ കെസിബിസി മുൻ വക്താവ് ഫാദർ വർഗീസ് വളളിക്കാട്ടിൽ വിമർശനം ഉന്നയിച്ചു. ഒരു ബ്രാൻഡിംഗിന് സിപിഎം ശ്രമിച്ചതായും അത്തരം ശ്രമമുണ്ടായെങ്കിൽ സിപിഎം വിശദീകരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളിൽ ചിലർ ഇത് അനുകൂലിച്ചതോടെ ഇതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും ഡൊമനിക്ക് പ്രസന്റേഷനും രംഗത്തെത്തി.ഇടത് സ്ഥാനാർത്ഥിയുടെ സഭാ ബന്ധം ഉയർത്തിക്കാട്ടേണ്ട കാര്യമില്ലെന്നും ഇത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും ഡൊമനിക്ക് പ്രസന്റേഷൻ പറഞ്ഞു. സഭ ഒരു സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്ന് ഒരിക്കലും കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.