കുഴല്‍കിണറില്‍ നിന്നും പമ്പ്സെറ്റ് പൊക്കിയെടുക്കാന്‍ ലഘു യന്ത്രസംവിധാനവുമായി സുഹീഷ്
കാസർകോട് :കുഴല്‍കിണറില്‍ ഇറക്കിവച്ചിരിക്കുന്ന പമ്പുസെറ്റുകളും മറ്റും കേടായാല്‍ പുറത്തേക്ക് വലിച്ചെടുക്കുന്നത് സാമാന്യം അധ്വാനമുള്ളൊരു ജോലിയാണ്. വലിക്കാനും പിടിക്കാനുമൊക്കെയായി മൂന്നോ നാലോ പേരെങ്കിലും വേണ്ടിവരും. സാധാരണ കിണറിന്റെ ഉള്ളില്‍ കുഴിച്ച കുഴല്കിണറാണെങ്കില് പറയുകയേ വേണ്ട. എന്നാല്‍ എത്ര ആഴമുള്ള കുഴല്‍കിണറില്‍ നിന്നും എളുപ്പത്തില്‍ പമ്പ്സെറ്റുകള്‍ മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള യന്ത്രസംവിധാനം വികസിപ്പിച്ചിരിക്കുകയാണ് കുംബഡാജെ മുനിയൂരിലെ യുവകര്‍ഷകനും മെക്കാനിക്കുമായ ഇ.സുഹീഷ്. പെരിയ ഗവ. പോളിടെക്നിക് കോളജില്‍ പഠിച്ചിരുന്ന കാലത്ത് ആറാം സെമസ്റ്ററിലെ വര്‍ക്കിംഗ് പ്രൊജക്ട് എന്ന നിലയിലാണ് സുഹീഷ് ആദ്യമായി ഈ യന്ത്രസംവിധാനം അവതരിപ്പിച്ചത്. വ്യാപകമായ അംഗീകാരം ലഭിച്ചതോടെ ഇപ്പോള്‍ അതില്‍ സൗകര്യപ്രദമായ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശനമേളയില്‍ പെരിയ പോളിടെക്നിക് ഒരുക്കിയ സ്റ്റാളിലും സുഹീഷിന്റെ കണ്ടുപിടിത്തം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഒറ്റനോട്ടത്തില്‍ കരിമ്പിന്പാലെടുക്കുന്ന മെഷീനെ അനുസ്മരിപ്പിക്കുന്ന രൂപത്തില്‍ സ്റ്റാന്‍ഡില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുവശത്തും ചക്രങ്ങളോടുകൂടിയ ഒരു ഷാഫ്റ്റും അതുമായി ഘടിപ്പിച്ച ചക്രങ്ങളും ഒരു മോട്ടോറുമാണ് യന്ത്രസംവിധാനത്തിന്റെ പ്രധാന ഭാഗങ്ങള്‍. കുഴല്‍കിണറില്‍ ഇറക്കിവച്ചിട്ടുള്ള പമ്പ്സെറ്റില്‍ നിന്നുള്ള കയര്‍ ഈ ഷാഫ്റ്റില്‍ ബന്ധിപ്പിച്ചശേഷം പുറത്തുനിന്നുള്ള വൈദ്യുതിസംവിധാനം ഉപയോഗിച്ച് യന്ത്രസംവിധാനത്തിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഷാഫ്റ്റ് അതിവേഗതയില്‍ കറങ്ങുകയും അതിനൊപ്പം കയര്‍ അതില്‍ ചുറ്റിക്കൊണ്ട് കുഴല്‍കിണറിലെ പമ്പ്സെറ്റ് ഉയര്‍ന്നുവരികയും ചെയ്യും. അതോടൊപ്പം ഉയര്‍ന്നുവരുന്ന പൈപ്പ് പിടിക്കാന്‍ മാത്രം കരയില്‍ ആളുണ്ടായിരുന്നാല്‍ മതി. ഷാഫ്റ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ബെയറിംഗുകളുടെ എണ്ണം കൂട്ടിയാല്‍ എത്ര ആഴമുള്ള കുഴല്‍കിണറില്‍ നിന്നും അനായാസം പമ്പ്സെറ്റുകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. ബെയറിംഗുകളുടെ പ്രവര്‍ത്തനം മൂലം പമ്പ്സെറ്റിന്റെ ഭാരം യന്ത്രസംവിധാനത്തിനു മേല്‍ അനുഭവപ്പെടുന്നുമില്ല. ഈ യന്ത്രസംവിധാനത്തെ ഒന്നുകൂടി മിനുക്കിയെടുത്ത് ആവശ്യക്കാര്‍ക്ക് നിര്മിച്ചുനല്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ സുഹീഷ്.