റിഫയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; നീതി കിട്ടുമെന്ന് പ്രതീക്ഷയിൽ കുടുംബം
കോഴിക്കോട്: ദുബായിൽ ദുരുഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വ്ളോഗറും യൂട്യൂബറുമായ റിഫ മെഹ്നാസിന്റെ മൃതദേഹം പുറത്തെടുത്തു. കോഴിക്കോട് പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നിന്ന് തഹസിൽദാറുടെ മേൽനോട്ടത്തിൽ മൃതദേഹം പുറത്തെടുത്തു. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ദ്ധരും ഒപ്പമുണ്ടായിരുന്നു. എംബാം ചെയ്തിരുന്നതിനാൽ മൃതദേഹത്തിന് കാര്യമായ കേടുപാടുകൾ ഉണ്ടായിരുന്നില്ല.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് മൃതദേഹം പോസ്റ്റ് മോർട്ടം നടത്താനാണ് തീരുമാനം.മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻമാർ പോസ്റ്റ്മോർട്ടവും ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും. പോസ്റ്റ്മോർട്ടം കഴിയുന്നതോടെ സത്യം പുറത്തുവരുമെന്നാണ് മുൻപ് റിഫയുടെ മാതാവ് പ്രതികരിച്ചത്. മകൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും, നീതി കിട്ടണമെന്നും അവർആവശ്യപ്പെട്ടിരുന്നു.മാർച്ച് ഒന്നിന് ദുബായിലെ താമസസ്ഥലത്താണ് റിഫയെ(20)മരിച്ചനിലയിൽ കണ്ടെത്തിയത്. റിഫയുടെ മരണത്തിന് പിന്നിൽ ഭർത്താവും കാസർകോട് സ്വദേശിയുമായ മെഹ്നാസാ(26)ണെന്ന് റിഫയുടെ കുടുംബം ആരോപിച്ചിരുന്നു. മാനസികവും ശാരീരികവുമായി റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. തുടർന്ന് ഇയാൾക്കെതിരെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചതിനും ആത്മഹത്യാ പ്രേരണയ്ക്കും പൊലീസ് കേസെടുത്തിട്ടുണ്ട്.മരണം നടന്ന ദിവസത്തിന് തലേന്ന് രാത്രി ഒൻപതിന് ജോലിസ്ഥലത്ത് നിന്നും മടങ്ങിയെത്തിയ റിഫ നാട്ടിലുളള രണ്ട് വയസുകാരൻ മകനോടും മാതാപിതാക്കളോടും വീഡിയോകോൾ വഴി സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് റിഫ മരിച്ചെന്ന വിവരം അറിഞ്ഞതാണ് മരണത്തിൽ സംശയം തോന്നാൻ കാരണമായത്. മാത്രമല്ല ദുബായിൽ പോസ്റ്റ്മോർട്ടം നടത്തിയെന്നാണ് മെഹ്നാസ് അറിയിച്ചത്. ഇത് കബളിപ്പിച്ചതാണെന്നും റിഫയുടെ കുടുംബം കരുതുന്നു.