കോഴിക്കോട്: പെട്രോള്‍ പമ്പിൽ നിന്ന് പുകവലിച്ചത് ചോദ്യം ചെയ്ത ജീവനക്കാരെ മര്‍ദ്ദിച്ച് യുവാവ്. ഇന്ധനം നിറയ്ക്കാന്‍ ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ജീവനക്കാരെ ആക്രമിച്ചത്. കോഴിക്കോട് കൂടരഞ്ഞിയില്‍ പെട്രോള്‍ പമ്പിൽവെച്ചാണ് സംഭവം. പെട്രോള്‍ പമ്പിലെ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു ബൈക്കിലും കാറിലുമായി പെട്രോള്‍ അടിക്കാന്‍ വന്ന ബര്‍ണിഷ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പമ്പിലെത്തി പുകവലിക്കുകയായിരുന്നു.പെട്രോള്‍ പമ്പിൽ പുകവലിക്കാന്‍ പാടില്ലെന്ന് ജീവനക്കാര്‍ ഇവരോട് പറഞ്ഞു. പ്രകോപിതരായ സംഘം മനേജരെയും ജീവനക്കാരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും കൂട്ടം ചേര്‍ന്ന് അസഭ്യം പറയുകയും ചെയ്തു.
മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റ രത്നാകരനെയും ദിലീപിനെയും അടുത്തുളള സ്വകാര്യ ആശുപുത്രിയില്‍ പ്രവേശിപ്പിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാരന് പോലീസില്‍ പരാതി നല്കി. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നാളെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു. കഞ്ചാവ് കേസില്‍ പ്രതിയാണ് ബർണിഷ് മാത്യു. ഇയാള്‍ പ്രദേശത്ത് സ്ഥിരം അക്രമപ്രവര്‍ത്തനം നടത്തുന്നയാളാണെന്ന് പ്രദേശവാസികളും പറയുന്നു.