ആർക്കും അഞ്ചുരൂപ പോലും നൽകാനില്ല, 43 ലക്ഷം പരാതിക്കാരൻ നൽകിയെങ്കിൽ അതിനുളള മീനും വാങ്ങിയിട്ടുണ്ടെന്ന് ധർമ്മജൻ
കൊച്ചി: നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ ഉടമസ്ഥതയിലുളള ‘ധർമ്മൂസ് ഫിഷ്ഹബ്ബി’ൽ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ വിശദീകരണവുമായി ധർമ്മജൻ. ആരെയും വഞ്ചിച്ചിട്ടില്ലെന്നും തനിക്കെതിരെയുളളത് വ്യാജ പരാതിയാണെന്നുമാണ് ധർമ്മജൻ അറിയിച്ചത്. ഒരാളുടെയെങ്കിലും കൈയിൽ നിന്ന് പണമോ ചെക്കോ വാങ്ങിയതിന്റെ തെളിവ് പുറത്തുകാണിക്കാൻ തയ്യാറാകണം. ഒരാൾക്കും താൻ അഞ്ച് രൂപ പോലും നൽകാനില്ല. 43 ലക്ഷം രൂപ സ്ഥാപനത്തിന് പരാതിക്കാരൻ നൽകിയെങ്കിൽ അതിനുളള മീനും പരാതിക്കാരൻ വാങ്ങിയിട്ടുണ്ടെന്ന് ധർമ്മജൻ പറഞ്ഞു.ഒരുപാട്പേർക്ക് തൊഴിൽ നൽകാനായി ആരംഭിച്ച സംരംഭമാണിത്. ധർമ്മൂസ് ഫിഷ് ഹബ്ബിലെ 11ാമത് പാർട്ണറാണ്. അങ്ങനെയുളള താൻ ഒന്നാംപ്രതിയാകുന്നതെങ്ങനെയെന്ന് അറിയില്ലെന്നും ധർമ്മജൻ ബോൾഗാട്ടി പ്രതികരിച്ചു.സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം നൽകി ഗഡുക്കളായി 43 ലക്ഷം രൂപ വാങ്ങി. എന്നാൽ പണം വാങ്ങിയിട്ടും ധർമ്മജൻ മത്സ്യം എത്തിച്ചില്ലെന്നും കബളിപ്പിക്കപ്പെട്ടെന്ന് മനസിലായപ്പോഴാണ് പരാതി നൽകിയതെന്നുമാണ് മൂവാറ്റുപുഴ സ്വദേശി അസീസ് പരാതിയിൽ പറയുന്നത്. എറണാകുളം സെൻട്രൽ പൊലീസ് വഞ്ചനാ കേസ് പരാതിയിൽ കേസെടുത്തു. ധർമ്മജനാണ് കേസിൽ പ്രധാന പ്രതി.