കെ ജി എഫ് കാണാനെത്തി സീറ്റിനെ ചൊല്ലി തര്‍ക്കം; മൂന്ന് പേര് അറസ്റ്റില്‍
ഇടുക്കി: സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിനിമാ തിയേറ്ററില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പരുക്കേറ്റ പാറത്തോട് പറപ്പില് സുമേഷിന്റെ (31) പരാതിയെ തുടര്‍ന്ന് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. നെടുങ്കണ്ടം കുളത്തുരാത്ത് അമല്‍, മഞ്ഞപ്പാറ പ്ലാത്തോട്ടത്തില്‍ ബിബിന്‍, നെടുങ്കണ്ടം കുളമ്പേല്‍ സച്ചിന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈസ്റ്റര്‍ ദിനത്തില്‍ നെടുങ്കണ്ടം ജീ സിനിമാസില്‍ ബോക്സ്ഫീസ് ഹിറ്റ് ചലചിത്രമായ കെജിഎഫ് ചാപ്റ്റര്‍ 2 കാണാന്‍ എത്തിയതാണ് യുവാക്കള്‍. തിയേറ്ററില്‍ നിന്ന് നേരിട്ട് ടിക്കറ്റെടുത്ത് അകത്തുകയറിയ ഇവരുടെ സീറ്റുകളില്‍ മറ്റ് ആളുകള്‍ ഇരിക്കുന്നത് കണ്ടതിനെത്തുടര്‍ന്നാണ് പ്രശ്നം ആരംഭിക്കുന്നത്. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവരായിരുന്നു സീറ്റുകളില്‍ ഇരുന്നിരുന്നത്. എന്നാല്‍ ഇവരില്‍ ഒരാള്‍ ഓണ്‍ലെന്‍ വഴി റിസര്‍വ് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിരുന്നു. ഈ സീറ്റില്‍ തീയേറ്റര്‍ വഴി ടിക്കറ്റ് നല്‍കിയതായി അധികൃതര്‍ പറഞ്ഞു.
ഷോ കാണാനെത്തിയ മറ്റ് കാണികളും പ്രശ്നത്തില്‍ ഇടപെട്ടതോടെ തിയേറ്റര്‍ അധികൃതര്‍ ഇടപെട്ട് ടിക്കറ്റ് തുക തിരിച്ചു നല്കുകകയും അടുത്ത ഷോ കാണാനുള്ള സൗകര്യം ഉറപ്പും നല്‍കുകയും ചെയ്തു. എന്നാല്‍ സിനിമ കഴിഞ്ഞ് പുറത്തു വന്ന സുമേഷ്, ആല്ബിന് എന്നിവരെ അമലും സംഘവും മര്‍ദ്ദിക്കുകയായിരുന്നു.