വൈദ്യുത വാഹനങ്ങൾ തീ പിടിക്കുന്നതിന്റെ പ്രധാന ഘടകം ബാറ്ററി തന്നെയാണ്; എന്തൊക്കെയാണ് കൃത്യമായ കാരണങ്ങൾ?
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ എല്ലാം കൂടി തലയ്ക്ക് മുകളിൽ കയറിയപ്പോഴാണ് നമ്മുടെ രാജ്യത്ത് വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാമെന്നുള്ള ആശയം യാഥാർത്ഥ്യമായിത്തുടങ്ങിയത്. എന്നാൽ കാലാവസ്ഥാവ്യതിയാനമല്ല മറിച്ച് ഐ എസ് ആർ ഒയുടെ റോക്കറ്റുകളേക്കാൾ വേഗത്തിൽ ഇന്ധനവില കുതിക്കാൻ തുടങ്ങിയതാണ് വൈദ്യുതവാഹനങ്ങൾക്ക് ജനപ്രീതി നേടാൻ കാരണമായതെന്നും ഒരു കരക്കമ്പിയുണ്ട്. ജനങ്ങൾ വൈദ്യുത വാഹനങ്ങൾ വാങ്ങിത്തുടങ്ങിയപ്പോഴല്ലേ രസം. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട എന്ന് പറയുന്നത് പോലെ ഇന്ധന വിലയ്ക്ക് വിലങ്ങിടാൻ ഇലക്ട്രിക് വണ്ടികൾ വാങ്ങിയപ്പോൾ വൈദ്യുതിയും കിട്ടാനില്ല ഉള്ള വൈദ്യുതിയ്ക്ക് വിലയും കൂടി.
അത് പോട്ടെ എന്തായാലും യാത്ര ചെയ്തല്ലേ പറ്റുകയുള്ളു എന്ന് വിചാരിച്ചപ്പോൾ ദാ കിടക്കുന്നു. വണ്ടികളെല്ലാം നിന്ന് കത്താൻ തുടങ്ങി. ഇലക്ട്രിക് വാഹനങ്ങൾ തീ പിടിക്കുന്നതും അതുവഴിയുണ്ടാകുന്ന വാർത്തകളും പതിവാകാൻ തുടങ്ങിയതോടെ കമ്പനികളെല്ലാം ഭയപ്പാടിലായി. അപകടങ്ങൾ കാരണം മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആശങ്കയിലായ ഇല്ക്ട്രിക് വാഹന നിർമാതാക്കളെല്ലാം അവരുടെ ഇ സ്കൂട്ടറുകൾ തിരിച്ചുവിളിച്ച് തുടങ്ങി. ഇലക്ട്രിക് വാഹനങ്ങൾ കത്തുന്ന വാർത്ത എന്തുകൊണ്ടാണ് ഇന്ത്യയിൽ പതിവായതെന്ന കാര്യത്തിൽ പല കിംവദന്തികളും പരന്നു.
എന്നാൽ ഇതിനുപിന്നിലെ സത്യാവസ്ഥയെന്താണ്? ഇലക്ട്രിക് വാഹനങ്ങൾ തീപിടിക്കുന്നത് ബാറ്ററി പ്രശ്നങ്ങൾകൊണ്ടാണോ? അതോ വേറെന്തെങ്കിലും ഘടകങ്ങൾ ഇതിന് പിന്നിലുണ്ടോ? ഇന്ധനവിലയും കാലാവസ്ഥാ വ്യതിയാനവും നിലനിൽപ്പിന്റെ വിഷയമായി മാറുമ്പോൾ സാധാരണക്കാരൻ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് എത്രത്തോളം സുരക്ഷിതമാണ്? നിലവിൽ ഇലക്ട്രിക് വാഹനങ്ങളുള്ളവർ അത് തീപിടിക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം? മറ്റുള്ളവർ പറഞ്ഞുപേടിപ്പിക്കുന്നത് കേട്ട് താനും ഇ സ്കൂട്ടറുകൾ വാങ്ങുന്നതിൽ നിന്ന് പിൻമാറണോ? ഇതെല്ലാം ഒരു സാധാരണക്കാരന്റെ മനസിലുണ്ടാവുന്ന ചോദ്യങ്ങളാണ്. ഇതിനെല്ലാം കൃത്യവും വസ്തുതാ പൂർണവും ശാസ്ത്രീയവുമായ ഉത്തരം ലഭിക്കേണ്ടതുണ്ട്.
ലിഥിയം അയൺ ബാറ്ററി
ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രധാന ഭാഗം എന്നത് ബാറ്ററിയാണ്. ഈ ബാറ്ററി പൊട്ടിത്തെറിച്ചാണ് വാഹനങ്ങൾക്ക് തീ പിടിക്കുന്നതും. അതിനാൽ ആദ്യം മനസിലാക്കേണ്ടത് ബാറ്ററികളെപ്പറ്റിയാണ്. നാം നിരന്തരം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകളിലും ലാപ്പ്ടോപ്പിലുമെല്ലാം ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററികൾ തന്നെയാണ് ഇലക്ട്രിക് വാഹനങ്ങളിലും ഉപയോഗിക്കുന്നത്. കുറഞ്ഞ ഭാരം, ഉയർന്ന ഊർജ്ജ സാന്ദ്രത, കൂടുതൽ കാലം ഈട് നിൽക്കാനുള്ള കഴിവ്, റീച്ചാർജ് ചെയ്ത് ഉപയോഗിക്കാനുള്ള എളുപ്പം എന്നിവയാണ് ലിഥിയം അയൺ ബാറ്ററികളെ ജനപ്രിയമാക്കുന്നത്. ഇക്കാരണങ്ങളാൽ തന്നെയാണ് ഇവ എല്ലാ ഉപകരണങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നതും.
ഈ ബാറ്ററികളുടെ ഏറ്റവും വലിയ മേന്മയായി കണക്കാക്കുന്ന ഉയർന്ന ഊർജ്ജ സാന്ദ്രത തന്നെയാണ് അതിനെ പ്രവർത്തനരഹിതമാക്കുന്നതിന് പിന്നിലെ പ്രധാന കാരണവുമെന്നാണ് കരുതുന്നത്.
പൊട്ടിത്തെറിയുടെ പ്രധാന കാരണങ്ങൾ
ഉയർന്ന ചൂട്, ഷോർട്ട് സർക്ക്യൂട്ട്, സെല്ലുകളുടെ ഗുണനിലവാരം, ബാറ്ററിയുടെ ഡിസൈൻ (സെല്ലുകളെ ബന്ധിപ്പിച്ച് പാക്ക് ചെയ്യുന്ന രീതി), സെല്ലുകളിലെ തീവ്രമായ വൈബ്രേഷനും സമ്മർദ്ദവും, ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തിലെ (ബിഎംഎസ്) പ്രശ്നങ്ങൾ, തുടങ്ങിയവയാണ് ബാറ്ററികളിൽ തീപിടിക്കുന്നതിന്റെ പ്രാഥമിക കാരണങ്ങൾ. അലക്ഷ്യമായും അമിതമായും ചാർജ് ചെയ്യുന്നത് ബാറ്ററിയ്ക്ക് പ്രശ്നങ്ങൾ വരുത്തി വയ്ക്കും. ഇതും പൊട്ടിത്തെറിയിലേക്ക് കലാശിച്ചേക്കാം.
വൈദ്യുത വാഹനങ്ങളുടെ വിപണി ഡിമാൻഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിർമാതാക്കൾ വാഹനങ്ങളുടെയും ബാറ്ററികളുടെയും രൂപകൽപനയിലും പരിശോധനയിലും ശരിയായി ശ്രദ്ധ കൊടുക്കാത്തതും ഈ പ്രശ്നങ്ങളിലേക്കും അത് വഴി തീപിടിത്തത്തിലേക്കും വഴി വയ്ക്കും. സർക്കാർ നിർദേശിച്ചിരിക്കുന്ന ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ പാലിക്കാൻ പലരും മടികാണിക്കുന്നുണ്ട്. വിപണിയിൽ എത്രയും വേഗം വണ്ടി എത്തിക്കുന്ന തിടുക്കം ബാറ്ററിയുടെ ഗുണനിലവാരത്തെയും, ബി എം എസിന്റെ മോശം പ്രകടനത്തിലേക്കും നയിക്കുന്നു.സർക്കാർ എന്ത് ചെയ്തു?
അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി സെന്റർ ഫോർ ഫയർ എക്സ്പ്ലോസീവ്സ് ആൻഡ് എൻവയോൺമെന്റൽ സേഫ്റ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉപഭോക്ത്ര സുരക്ഷയിൽ അശ്രദ്ധ കാണിക്കുന്ന ഏതൊരു ഇവി കമ്പനിക്കും കനത്ത പിഴ ചുമത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിട്ടുണ്ട്. തകരാറിലായ വാഹനങ്ങൾ തിരിച്ചുവിളിക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യയിലെ ഇരുചക്ര ഇവി വാഹന വിപണി കഴിഞ്ഞ വർഷം 2.33 ലക്ഷം യൂണിറ്റുകളുടെ റെക്കോഡ് വിൽപനയിലൂടെ വൻ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.