മദ്ധ്യപ്രദേശിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം; ഏഴ് പേർ വെന്തുമരിച്ചു, ഒൻപതുപേരെ രക്ഷപ്പെടുത്തി
ഭോപ്പാൽ: ഇരുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഒൻപതുപേരെ രക്ഷപ്പെടുത്തി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.മൂന്ന് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് തീയണച്ചത്. ‘തീപിടിത്തത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ ഏഴ് പേർ വെന്തുമരിച്ചു. ഇതുവരെ ഒമ്പത് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.’- പൊലീസ് അറിയിച്ചു.കെട്ടിടത്തിൽ അഗ്നി സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ കെട്ടിട ഉടമ അൻസാർ പട്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ഐപിസി 304 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.