മലപ്പുറത്തെ കൂട്ടക്കൊല: വാഹനത്തിൽ നിറച്ചിരുന്നത് വലിയ ഗുണ്ടുകളും പടക്കങ്ങളും
മലപ്പുറം: കൂട്ടക്കൊലയ്ക്ക് മുമ്പ് മുഹമ്മദ് പെട്രോളും സ്ഫോടക വസ്തുക്കളും നിറച്ച വാഹനത്തിലേക്ക് കുഞ്ഞുങ്ങളെ വിളിച്ചുകയറ്റിയത് മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച്. തങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ പിതാവ് ഒരുക്കിയ ചതിയാണെന്നറിയാതെ ചിരിച്ചുകൊണ്ടാണ് ആ കുരുന്നുകൾ വാഹനത്തിലേക്ക് നടന്നുകയറിയത്. വീട്ടിന് തൊട്ടടുത്തുള്ള റബർതോട്ടത്തിന് സമീപത്തുവച്ചാണ് ഭാര്യയെയും മക്കളെയും കൂട്ടക്കൊലചെയ്യാനുള്ള കെണി മുഹമ്മദ് ഒരുക്കിയത്. എല്ലാവരും വാഹനത്തിനുള്ളിൽ കയറി എന്ന് ഉറപ്പുവരുത്തിയതോടെ ഡോർ ലോക്കുചെയ്ത് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ മുഹമ്മദിനുപുറമേ ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമ സഫ എന്നിവരാണ് മരിച്ചത്. അഞ്ചുവയസുകാരിയായ മറ്റൊരു മകൾ ഷിഫാന ഗുരുതാരാവസ്ഥയിൽ ചികിത്സയിലാണ്. വാഹനത്തിൽ വലിയ ഗുണ്ടുകളും പടക്കം പോലുള്ള സ്ഫോടകവസ്തുക്കളും വിറകും തീ പിടിക്കുന്ന വസ്തുക്കളും നിറച്ചിരുന്നു.
വാഹനത്തിന്റെ ഡോർ ലോക്കുചെയ്തശേഷം തീയിടാനുളള മുഹമ്മദിന്റെ ശ്രമം കണ്ട് ജാസ്മിന് സഹോദരി റസീനയെ ഫോണിൽ വിളിച്ചതാണ് അഞ്ചുവയസുകാരിയുടെ ജീവൻ രക്ഷിച്ചത്. ഫോൺവിളിയെത്തുടർന്ന് ഓടിയെത്തിയ റസീന കണ്ടത് നിന്നുകത്തുന്ന വാഹനമാണ്. ഈ സമയമാണ് പൊള്ളലേറ്റ മുഹമ്മദ് മരണവെപ്രാളത്തിൽ വാഹത്തിന്റെ ഡോർ തുറന്ന് പുറത്തേക്ക് ചാടിയത്. ഇതുവഴിതന്നെ ഷിഫാനയും തീ പിടിച്ച ശരീരവുമായി പുറത്തേക്ക് വീണു. റസീനയുടെ നേതൃത്വത്തിലാണ് നിലത്ത് ഉരുട്ടിയും മറ്റും കുട്ടിയുടെ ദേഹത്തെ തീയണച്ചത്. മറ്റുള്ളവരെ രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും അവർക്ക് ഒന്നുചെയ്യാൻ കഴിഞ്ഞില്ല. അവരുടെ മുന്നിവച്ചുതന്നെ ജാസ്മിനും ഫാത്തിമ സഫയും തീനാളത്തില് എരിഞ്ഞടങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ 11.15ന് കൊണ്ടിപ്പറമ്പ് റോഡിലായിരുന്നു കൂട്ടക്കൊല അരങ്ങേറിയത്. കുടുംബ പ്രശ്നമാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. കാസർകോട്ട് മത്സ്യക്കച്ചവടം നടത്തുന്ന മുഹമ്മദിനെതിരെ അവിടെ പോക്സോ കേസുണ്ട്. ഇതുമായി ബന്ധപ്പെട്ട കുടുംബവഴക്കിനെ തുടർന്നാണ് ഒരുമാസം മുമ്പ് ജാസ്മിൻ സ്വന്തം വീട്ടിലെത്തിയത്. പെരുന്നാൾ ആഘോഷത്തിനായി കഴിഞ്ഞ ദിവസം മുഹമ്മദും നാട്ടിലെത്തി. പ്രശ്നപരിഹാരത്തിനെന്ന വ്യാജേന ഇന്നലെ ഭാര്യാവീടിന് സമീപമെത്തിയ മുഹമ്മദ്, ജാസ്മിനെ ഫോണിൽ വിളിച്ച് കുട്ടികളുമായി എത്താൻ ആവശ്യപ്പെട്ടു. മൂന്ന് പെൺമക്കളാണ് ഇവർക്ക്. മൂത്തപെൺകുട്ടി പിതാവിനെ ഭയന്ന് പോയില്ല. ജാസ്മിനെയും രണ്ട് മക്കളെയും പിക്കപ്പ് വാനിൽ കയറ്റി ഡോർ ലോക്ക് ചെയ്തു. ജാസ്മിന്റെയും മക്കളുടെയും ദേഹത്തേക്ക് പഞ്ചസാര കലർത്തിയ പെട്രോൾ ഒഴിച്ചു. തീ കെടാതിരിക്കാനാണ് പഞ്ചസാര കലർത്തിയതെന്ന് സംശയിക്കുന്നു.21 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ച കാലയളവിൽ ജാസ്മിനെ ഉപേക്ഷിച്ച് മുഹമ്മദ് കാസർകോട്ടേക്ക് പോയി. മറ്റൊരു വിവാഹവും കഴിച്ചു. ഈ ബന്ധം തകർന്നതോടെയാണ് വീണ്ടും ജാസ്മിനുമായി അടുത്തത്.