എന്റെ കേരളം; മേളയ്ക്ക് മിഴിവേകി കലാകാരന്മാരായ ജീവനക്കാരും
എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ മൂന്നാം നാള് കാഞ്ഞങ്ങാടിന്റെ സന്ധ്യയ്ക്ക് മിഴിവേകിയത് സര്‍ക്കാര്‍ ജീവനക്കാരുടെ കലാപരിപാടികള്‍. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കലാപരിപാടികള്‍ അരങ്ങേറിയത്. പാട്ടും നൃത്തവുമായി ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കുകയായിരുന്നു കലാകാരന്മാര്. നാടന്‍പാട്ട്, സംഘനൃത്തം, ചലച്ചിത്രഗാനം തുടങ്ങിയ പരിപാടികള്‍ വേദിയെ നിര്‍വൃതിയിലാഴ്ത്തി.
രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന്ന മേളയുടെ സായാഹ്നം സാംസ്ക്കാരിക സമന്വയ വേദികളാക്കാന്‍ ജീവനക്കാരുടെ കലാപ്രകടനങ്ങള്‍ക്ക് കഴിഞ്ഞു. വര്‍ണാഭമായ സംഘനൃത്തം വേദിയെ പുളകം കൊള്ളിച്ചു. നാടന്‍ പാട്ടിന്റെ ശിലുകളും വായ്ത്താരികളും ആസ്വാദകര്‍ ഏറ്റുപിടിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എല്‍എസ്ജിഡി എ ഇ കലേഷ് കരുണാകരന്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് എല്‍എസ്ജിഡി എ ഇ പി.വി. ഷനജ്, ജില്ലാ പോലീസ് മേധാവിയുടെ സി എ പി. സതീന്ദ്രന്, ജില്ലാ മലേറിയ ഓഫിസര്‍ വി. സുരേശന്, ഡെപ്യൂട്ടി എഡ്യുക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫിസര്‍ സയന, പടന്ന പഞ്ചായത്ത് എല്‍എസ്ജിഡി എഇ കെ. അനിത, എല്‍എസ്ജിഡി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ വി. മിത്ര, പട്ല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ശ്രീഷ, പിലിക്കോട് പഞ്ചായത്ത് എല്‍എസ്ജിഡി എ ഇ അനസൂര്യ, കാസര്‍കോട് ജിഎസ്ടി ഓഫീസര്‍ ദിവ്യ, പടന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍മല എന്നിവരടങ്ങിയ സംഘമാണ് പരിപാടികള്‍ അവതരിപ്പിച്ചത്.