ബന്ധം പിരിയണമെന്നാവശ്യപ്പെട്ടതിന് പ്രതികാരമായി പരസ്യ ലൈംഗിക ബന്ധം, ഭാര്യയെയും കാമുകനെയും സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
ഹൈദരാബാദ്: ഭാര്യയെയും കാമുകനെയും സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഹൈദരാബാദിലെ രചകൊണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. കാർ ഡ്രൈവറായ യശ്വന്താണ് പിടിയിലായത്. വഴിവിട്ട ബന്ധം അവസാനിപ്പിക്കാൻ തയ്യാറാകാത്തതും തന്റെ മുന്നിൽവച്ച് പരസ്യമായി ലൈംഗികബന്ധത്തിലേർപ്പെട്ടതുമാണ് അരുംകൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
യശ്വന്തും ഭാര്യയും ആദ്യം വിജയവാഡയിലായിരുന്നു താമസം. കുറച്ചുനാൾ കഴിഞ്ഞ് ഇവർ ഹൈദരാബാദിലേക്ക് മാറി. ഇവിടെവച്ചാണ് കാമുകനുമായി അടുത്തത്. ഡ്രൈവറായതിനാൽ യശ്വന്ത് പലപ്പോഴും വീട്ടിൽ ഉണ്ടാവാറില്ല. ഇത് മുതലാക്കിയാണ് ഇരുവരും കൂടുതൽ അടുത്തത്. ഇവർ തമ്മിലുള്ള ബന്ധം അറിഞ്ഞ യശ്വന്ത് ഭാര്യയെ പറഞ്ഞുവിലക്കി. എങ്കിലും ബന്ധം തുടർന്നു. പലതവണ ഇവരെ അരുതാത്ത സാഹചര്യത്തിൽ പിടികൂടുകയും ചെയ്തു. വഴിവിട്ട ബന്ധം അവസാനിപ്പിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ അതിന് കഴിയില്ലെന്നും ഇനിയും നിർബന്ധിച്ചാൽ താൻ വിവാഹ ബന്ധം അവസാനിപ്പിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി. തുടർന്ന് ഒത്തുതീർപ്പെന്നോണം വിജയവാഡയിലേക്ക് താമസം മാറാമെന്ന് യശ്വന്ത് ആവശ്യപ്പെട്ടു. ഭാര്യ ഇതിന് സമ്മതിച്ചു. വിജയവാഡയിലേക്ക് പോവുകയായിരുന്ന യശ്വന്തിനെയും ഭാര്യയെയും കാമുകൻ അനുഗമിച്ചു. കാമുകനെ കണ്ട് യാത്രപറയണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ യശ്വന്ത് അതിന് അനുവദിച്ചു. ഈ സമയം തനിക്കും കാമുകനും ചിലകാര്യങ്ങൾ തനിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അല്പം അകലത്തേക്ക് മാറി നിന്നു. അല്പം കഴിഞ്ഞപ്പോൾ ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടാൻ തുടങ്ങി. ഇതോടെ കലികയറിയ യശ്വന്ത് രണ്ടുപേരെയും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്ത് മൃതദേഹങ്ങൾ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു.