ഞങ്ങൾക്ക് ബാദ്ധ്യതയാണ് ഈ ജന്റം ബസുകൾ! ഇനി വാങ്ങുക ഇലക്ട്രിക്, സി എൻ ജി ബസുകൾ, 450 ബസുകൾ ഉടൻ വാങ്ങുമെന്ന് കെ എസ് ആർ ടി സി
കൊച്ചി: കണ്ടം ചെയ്യാനായി മാറ്റിയിട്ടിരിക്കുന്നത് 920 ബസുകൾ മാത്രമാണെന്നും 2800 ബസുകൾ തുരുമ്പെടുത്തു നശിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ വിശദീകരണം നൽകി. ഇതിൽ 681 എണ്ണം സാധാരണ ബസുകളും 239 എണ്ണം ജൻറം ബസുകളുമാണ്. കട്ടപ്പുറത്തുള്ള 1736 ബസുകളിലാണ് ഇത്രയധികം കണ്ടം ചെയ്യാനുള്ളത്. ഡിപ്പോകളിലും ഡമ്പിംഗ് യാർഡുകളിലും ബസുകൾ തുരുമ്പെടുത്തു നശിക്കുന്നെന്ന് ആരോപിച്ച് കാസർകോട് സ്വദേശി എൻ. രവീന്ദ്രൻ നൽകിയ ഹർജിയിലാണ് വിശദീകരണം. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.കണ്ടം ചെയ്യുന്നതിനു മുമ്പ് ബസുകളുടെ എൻജിൻ, ഗിയർ ബോക്സ്, ബാറ്ററി തുടങ്ങിയ പാർട്സുകൾ മാറ്റുമെന്ന് ചീഫ് ലാ ഓഫീസർ പി.എൻ. ഹേന നൽകിയ വിശദീകരണത്തിൽ പറയുന്നു. 10-19 വർഷം പഴക്കമുള്ള ബസുകളാണിത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെറ്റൽ സ്ക്രാപ്പ് ട്രേഡിംഗ് കോർപ്പറേഷൻ മുഖേനയാണ് ലേലം.ഈ വർഷം 750 പുതിയ ബസുകൾ ലഭിക്കുമെന്ന് കരുതുന്നു. ഇവ പാർക്ക് ചെയ്യാനും മറ്റും സ്ഥലം ആവശ്യമാണെന്നതു കൂടി കണക്കിലെടുത്താണ് ഇവ കണ്ടം ചെയ്യുന്നത്. കണ്ടം ചെയ്യുന്ന ബസുകൾ തേവര, പാറശാല, ഈഞ്ചയ്ക്കൽ, ചടയമംഗലം, ആറ്റിങ്ങൽ, ചേർത്തല,ചിറ്റൂർ, ചാത്തന്നൂർ, കാഞ്ഞങ്ങാട്, എടപ്പാൾ എന്നിവിടങ്ങളിലെ യാർഡുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.’ജൻറം ബസുകൾ ബാദ്ധ്യത’ജൻറം ബസുകൾ കേരളത്തിലെ നഗരങ്ങൾക്ക് അനുയോജ്യമല്ലെന്നും തങ്ങൾക്ക് ബാദ്ധ്യതയാണെന്നും കെ.എസ്.ആർ.ടി.സി. സാധാരണ ബസുകളെ അപേക്ഷിച്ച് ഇവയ്ക്ക് തിരിയാൻ ഏറെസ്ഥലം വേണം. സാധാരണ ബസുകൾക്ക് 4.10 കിലോമീറ്റർ മൈലേജ് ലഭിക്കുമ്പോൾ ഇവയ്ക്ക് 3.40 കിലോമീറ്ററാണ് ലഭിക്കുന്നത്. എൻജിൻ പിന്നിലുള്ള ഇവയുടെ ഗിയർ കേബിൾ ഒരെണ്ണത്തിന് വില 29,500 രൂപയാണ്. ഇത്തരം മൂന്നു കേബിളുകൾ ഒരു ബസിനു വേണം. സീറ്റുകൾ ദീർഘദൂരയാത്രയ്ക്ക് അനുയോജ്യമല്ല. എ.സി ലോ ഫ്ളോർ ബസുകളുടെ മൈലേജ് 2.5- 2.7 കിലോമീറ്റർ മാത്രമാണ്. ഇവയുടെ അറ്റകുറ്റപ്പണികൾക്കായി 6.5 കോടി വേണം. കിലോമീറ്ററിന് 60 -70 രൂപ ചെലവും വരവ് 40 -50 രൂപയുമാണ്. ഇന്ധനച്ചെലവ് കുറയ്ക്കാൻ ഇനി ഇലക്ട്രിക് ബസുകളും സി.എൻ.ജി ബസുകളുമാണ് വാങ്ങുക. 450 ബസുകൾ ഉടൻ വാങ്ങും.