ദീർഘദൂര സർവീസുകൾ വ്യാപകമായി മുടങ്ങി; കെഎസ്ആർടിസി പണിമുടക്കിൽ വലഞ്ഞ് ജനം
തിരുവനന്തപുരം: എല്ലാമാസവും അഞ്ചാം തീയതിയ്ക്കകം ശമ്പളം ലഭ്യമാക്കണം എന്ന ആവശ്യം നടപ്പിലാകാത്തതിനാൽ അർദ്ധരാത്രിമുതൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് തുടരുകയാണ്. സമരത്തിന് സിഐടിയുവും പരോക്ഷ പിന്തുണ നൽകുന്നതോടെ വിവിധ ഡിപ്പോകളിൽ സർവീസുകൾ വ്യാപകമായി മുടങ്ങിയിരിക്കുകയാണ്. പത്തനംതിട്ടയിലും ആലപ്പുഴയിലും കാസർകോടും ഒരു സർവീസ് പോലും പുറപ്പെട്ടില്ല. തലസ്ഥാനത്തെ പ്രധാന ഡിപ്പോയായ തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാന്റിൽ നിന്നും വിരലിലെണ്ണാവുന്ന സർവീസുകളേ ഇന്ന് നടന്നുളളു.കോഴിക്കോട് നിന്നും ഇതുവരെ പുറപ്പെട്ടത് ഒരു സർവീസ് മാത്രമാണ്. കാട്ടാക്കട,കുളത്തൂപ്പുഴ, അടൂർ,മാവേലിക്കര, തൃശൂർ, ഗുരുവായൂർ എന്നീ ഡിപ്പോകളിൽ നിന്ന് സർവീസുകളൊന്നും തുടങ്ങിയില്ല. അതേസമയം സമരം ചെയ്യുന്ന ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്ആർടിസി മാനേജ്മെന്റ്. പരമാവധി സർവീസുകൾ നടത്തുമെന്നും ദീർഘദൂര സർവീസുകൾ മുടങ്ങാതിരിക്കാൻ സ്വിഫ്റ്റ് സർവീസ് ഉപയോഗിക്കുമെന്നും എം.ഡി ബിജു പ്രഭാകർ അറിയിച്ചു. പണിമുടക്ക് ഒഴിവാക്കാൻ ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.