തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പൊതുസ്വതന്ത്രൻ? വൈകുന്നേരത്തിന് മുമ്പ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് സിപിഎം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നിർണയത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഡിവൈഎഫ്ഐ നേതാവ് അഡ്വ കെ എസ് അരുൺകുമാറിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചെങ്കിലും മണിക്കൂറുകൾക്കകം അത് തിരുത്തി.
തുടർന്ന് പ്രമുഖനായ കോൺഗ്രസ് നേതാവ് ഇടതുമുന്നണി സ്ഥാനാർത്ഥിയായേക്കുമെന്ന തരത്തിൽ വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ, പാർട്ടി ചിഹ്നത്തിൽ ഒരാൾ മത്സരിക്കുന്നതിനേക്കാൾ അഭികാമ്യം എല്ലാ വിഭാഗത്തിന്റെയും വോട്ടുകൾ സമാഹരിക്കാൻ കഴിയുന്ന ഒരു പൊതു സ്വതന്ത്രനെ മത്സരിപ്പിക്കുന്നതായിരിക്കും എന്നൊരു ചർച്ചയും നടക്കുന്നുണ്ട്.
നിലവിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് സിപിഎം. അതിന് പിന്നിൽ കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന കെ വി തോമസ് അടക്കമുള്ള നേതാക്കളുടെ സ്വാധീനവുമുണ്ട്.
രാവിലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ സിപിഐ അടക്കമുള്ള ഘടകക്ഷികളുടെ നേതാക്കന്മാരോടും സ്ഥാനാർത്ഥിയെ കുറിച്ച് വ്യക്തമായി സൂചന നൽകിയിട്ടില്ല. അതേസമയം, ഇന്ന് വൈകുന്നേരത്തിനകം സ്ഥാനാർത്ഥി നിർണയത്തിൽ ധാരണയുണ്ടാകുമെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.
ഇതിനിടെ, കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷൻ സി പി എം സ്ഥാനാർത്ഥിയാവും എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, തൃക്കാക്കരയിൽ നടന്ന യു ഡി എഫ് പരിപാടികളിൽ അദ്ദേഹം പങ്കെടുത്തതോടെയാണ് അഭ്യൂഹം അവസാനിച്ചത്. സ്ഥാനാർത്ഥിയാവാനില്ലെന്ന് കേൺഗ്രസിനോട് ഇടഞ്ഞുനിൽക്കുന്ന കെ വി തോമസും നേരത്തേ വ്യക്തമാക്കിയിരുന്നു.