ധോണിയെ അപമാനിച്ചെന്ന് ആരോപണം, പുലിവാല് പിടിച്ച് വിരാട് കോലി; ആഞ്ഞടിച്ച് ആരാധകര്‍
മുംബൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിംഗ്സ്മത്സരത്തിലെ വിരാട് കോലിയുടെ പെരുമാറ്റം വിവാദത്തില്‍. സിഎസ്കെ നായകന് എം എസ് ധോണി പുറത്തായ ശേഷം അമിതാഹ്ളാദം കാട്ടിയ കോലി ഇന്ത്യന്‍ ഇതിഹാസം കൂടിയായ ധോണിക്കെതിരെ ആക്രോശിച്ചെന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന വിമര്‍ശനം. കോലി മോശം പദപ്രയോഗങ്ങള്‍ നടത്തിയതായും വിമര്‍ശനമുണ്ട്.
വിരാട് കോലിയുടെ ആഹ്ളാദപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. ധോണിയെ കോലി അപമാനിച്ചു എന്ന് തുറന്നടിക്കുകയാണ് ആരാധകര്‍. ധോണി മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടി ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ രജത് പാട്ടീദാര്‍ പിടിച്ച് പുറത്താവുകയായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കുപ്പായത്തില്‍ ധോണിയുടെ 200-ാം മത്സരം കൂടിയായിരുന്നു ഇത്.
എന്നാല്‍ എം എസ് ധോണി ചരിത്രമെഴുതിയ മത്സരം സിഎസ്കെയ്ക്ക് നിരാശയായി. ഐപിഎല്ലില്‍ ഇന്നലെ ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 13 റണ്‍സിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 56 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെ ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
ജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് കയറിയ ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ കാത്തപ്പോള്‍ പത്ത് മത്സരങ്ങളില്‍ ഏഴാം തോല്‍വി വഴങ്ങിയ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ തീര്‍ത്തും മങ്ങി. പത്ത് കളികളില്‍ ആറ് പോയന്റ് മാത്രമാണ് ചെന്നൈയുടെ സമ്പാദ്യം. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 173-8, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 173-8.