ജില്ലയിൽ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രോജക്ട് ഡിവിഷൻ വേണം;
കാസറകോട്: ജല അതോറിറ്റിയുടെ പദ്ധതികൾ അവലോകനം ചെയ്യാൻ ജില്ലയിൽ നിയമസഭാ ഉപസമിതി യോഗം ചേർന്നു.ജില്ലയിൽ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കാൻ പ്രോജക്ട് ഡിവിഷൻ ഇല്ലാത്തത് പദ്ധതി നടത്തിപ്പിന് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിൽ ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതിയുടെ ചെയർമാൻ ഇ ചന്ദ്രശേഖരൻ എം എൽ എ പറഞ്ഞു
കേരള ജല അതോറിറ്റിയുടെ വിവിധ പദ്ധതികളെ സംബന്ധിച്ച് സ്വതന്ത്ര പഠനം നടത്തുന്നതിന്റെ ഭാഗമായാണ് കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി, കാസര്‍കോട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേർന്നത്.
വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട പദ്ധതികളെ സംബന്ധിച്ചും പദ്ധതികൾ എത്രമാത്രം പൂർത്തീകരിച്ചു എന്നും നിലവിൽ പദ്ധതിയുടെ ഏത് ഘട്ടത്തിലെത്തിയെന്നും നിശ്ചയിക്കപ്പെട്ട പദ്ധതികൾ എത്രമാത്രം പൂർത്തീകരിച്ചെന്നും യോഗം വിലയിരുത്തി.
ജില്ലയിൽ ആവശ്യമായി ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും സമിതി തീരുമാനിച്ചു.
പദ്ധതികളെ സംബ ന്ധിച്ച് പരിശോധന നടത്തിയപ്പോൾ പൂർത്തീകരിക്കാൻ ബാക്കിയുള്ള പദ്ധതികളുണ്ടെന്ന് സമിതി കണ്ടെത്തി. മുളിയാർ, ചെങ്കള, മധൂർ , ചെമ്മനാട് പഞ്ചായത്തുകളിലേക്ക് ജലം എത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനായി ഇനിയും സാവകാശം വേണം. ഈ പഞ്ചായത്തുകളിൽ അടിയന്തിരമായി ചെയ്യേണ്ട ഒട്ടനവധി കാര്യങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതി നടപ്പിലാക്കാനായി ദേളിയിലും ചട്ടഞ്ചാലിലും ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും സമിതി അറിയിച്ചു.
ബി.ആർ.ഡി.സി നേരത്ത നിർമിച്ച് വാട്ടർ അതോറിറ്റിക്ക് കൈമാറിയ കുടിവെള്ള പദ്ധതിയിലൂടെ അജാനൂർ ഉദുമ പള്ളിക്കര പഞ്ചായത്തുകളിലെ കൂടുതൽ മേഖലകളിലേക്ക് കുടിവെള്ളം എത്തിക്കും. ജില്ലയിലാകെ വിതരണം ചെയ്യേണ്ട ജല ജീവൻ മിഷനുമായി ബന്ധപ്പെട്ട പദ്ധതികൾ വിവിധ ഘട്ടത്തിലാണ്. 1,79000 പേർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മുഴുവൻ ആളുകളിലേക്കും കുടിവെള്ളം എത്തിക്കാനുള്ള തുടർന്നടപടികൾ സ്വീകരിച്ചു വരികയാണെന്നും സമിതി അറിയിച്ചു. ജില്ലയിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ . കാസര്‍കോട് നഗരസഭയ്ക്കും ചെമ്മനാട് ഗ്രാമപഞ്ചായത്തിലേക്കുമുള്ള ശുദ്ധജല വിതരണത്തിനായി നിര്‍മിച്ച ബാവിക്കര വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, ബാവിക്കര ഡാം, തുടങ്ങിയവ സമിതി സന്ദർശിച്ചു.
നിയമസഭാ സമിതി യോഗത്തിൽ ഇ ചന്ദ്രശേഖരൻ എം എൽ എ, സി.എച്ച് കുഞ്ഞമ്പു എം എൽ എ, എൻ എ നെല്ലിക്കുന്ന് എം എൽ എ, കൊണ്ടോട്ടി എം എൽ എ ടി.വി ഇബ്രാഹിം, കൂത്ത്പറമ്പ് എം എൽ എ കെ.പി മോഹനൻ, വാമനപുരം എം എൽ എ ഡി.കെ മുരളി, പൊന്നാനി എം എൽ എ പി നന്ദകുമാർ, കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ , മലപ്പുറം എം എൽ എ പി ഉബൈദുള്ള, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് , വാട്ടർ അതോറിറ്റി, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വാട്ടർ അതോറിറ്റി ഉത്തര മേഖലാ സി.ഇ. ഇ ലീന കുമാരി സ്വാഗതം പറഞ്ഞു.