വിദ്യാഭ്യാസം വിലക്കിയതിന് പിന്നാലെ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസും ഇല്ല
കാബൂൾ: താലിബാൻ അധികാരത്തിൽ വന്നതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് അഫ്ഗാനിസ്ഥാൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഭക്ഷണത്തിന്റെയും മറ്റ് അവശ്യസാധനങ്ങളുടെയും രൂക്ഷമായ ക്ഷാമത്തിന് പുറമെ, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച്, സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്ക് കടിഞ്ഞാണിടുകയാണ് താലിബാൻ. ആറാം ക്ലാസിന് മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കിയതിന് പിന്നാലെ ഇപ്പോഴിതാ കാബൂളിലെയും മറ്റ് പ്രവിശ്യകളിലെയും സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകരുതെന്ന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് താലിബാൻ.
സ്ത്രീകൾ വാഹനമോടിക്കുന്നത് കാബൂൾ ഉൾപ്പെടെ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെല്ലാം സ്ഥിരം കാഴ്ചയാണ്. എന്നാൽ അഫ്ഗാനിലെ ഏറ്റവും പുരോഗമന നഗരമായ ഹെറാത്തിൽ പോലും സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് തടയാൻ ഡ്രൈവിംഗ് പരിശീലകരോട് താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസൻസ് നൽകുന്നത് തടയാൻ വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്ന് ഹെറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രാഫിക് മാനേജ്മെന്റ് മേധാവി ജാൻ അംഗ അചക്സായി പറഞ്ഞു. പുതുതലമുറയ്ക്ക് അവസരങ്ങൾ ലഭിക്കാതിരിക്കാൻ താലിബാൻ ശ്രമിക്കുകയാണെന്നും പുരുഷന്മാർ വാഹനമോടിക്കുന്നതിനേക്കാൾ സുരക്ഷിതം സ്ത്രീകൾ വാഹനമോടിക്കുന്നതാണെന്നും വനിതാ ഡ്രൈവിംഗ് പരിശീലക ആദില ആദീൽ പറഞ്ഞു.
കഴിഞ്ഞ വർഷം താലിബാൻ ഭരണം ഏറ്റെടുത്തപ്പോൾ 1996-2001 കാലഘട്ടത്തിൽ കാട്ടിയ അതിക്രമങ്ങൾ ഇത്തവണ ആവർത്തിക്കില്ലെന്ന് വാഗ്ദ്ധാനം ചെയ്തെങ്കിലും ദിവസങ്ങൾ കഴിയുന്തോറും ഇത് സത്യമല്ലെന്ന് തെളിയുകയാണ്. ഇതിന് പുറമേ, ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അടിയന്തര ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യം കൂടിയാണ് അഫ്ഗാനിസ്ഥാൻ. 23 ദശലക്ഷത്തിലധികം ആളുകൾ സഹായം തേടുകയാണ്. കൂടാതെ, ഏകദേശം 95 ശതമാനം ആളുകൾക്കും ഭക്ഷണം അപര്യാപ്തമാണ്.