സഞ്ജിത്ത് കൊലക്കേസ്; സി ബി ഐ അന്വേഷണമില്ല, ഹൈക്കോടതി ഹർജി തള്ളി
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി. പൊലീസ് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദേശം നൽകി.
സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യയാണ് ഹർജി നൽകിയത്. ഹർജിയെ പൊലീസ് ശക്തമായി എതിർത്തിരുന്നു. അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഏതാനും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ കേസ് മറ്റൊരു ഏജൻസിയെ ഏൽപിക്കരുതെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്.
നവംബർ 15നാണ് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. പാലക്കാട് -തൃശൂർ ദേശീയപാതയ്ക്കടുത്ത് കിണാശ്ശേരി മമ്പറത്ത് വച്ചായിരുന്നു അക്രമം നടന്നത് . ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സഞ്ജിത്തിന്റെ ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു